ഇന്ത്യൻ വിമാനങ്ങളിൽ പവർബാങ്ക് നിരോധിക്കുന്നു? നിയമങ്ങൾ ഉടൻ നടപ്പിലാകും
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങളിൽ പവർ ബാങ്കിന്റെ ഉപയോഗം നിരോധിക്കാനുള്ള ചർച്ചകൾ നടത്തി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിൽ നിന്നും തീ ഉയർന്നതിനെ തുടർന്നാണ് നീക്കം. സംഭവത്തിൽ ആർക്കും പരിക്കില്ല. കാബിൻ ക്രൂവിന്റെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ, യാത്രക്കാരുടെ പക്കലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന് തീ പടരാനുള്ള സാദ്ധ്യതയിലേക്ക് സംഭവം വിരൽ ചൂണ്ടി. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമായേക്കാമെന്നും ആശങ്ക ഉയർന്നു.
ഇതോടെ വിമാനങ്ങളിൽ പവർബാങ്കുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനുള്ള പരിശോധനകൾ ഡിജിസിഎ ആരംഭിച്ചു. ഇത്തരം അപകടസാധ്യതകൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ യാത്രക്കാർക്കും ജീവനക്കാർക്കും കഴിഞ്ഞില്ലെങ്കിൽ പവർ ബാങ്ക് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡിസിജിഐയുടെ തീരുമാനം. വിമാനത്തിനുള്ളിലെ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയോ അത്തരം ഉപകരണങ്ങൾ കൊണ്ട് വരുന്നത് പൂർണമായും നിരോധിക്കുകയോ ചെയ്യണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി. സിവിൽ ഏവിയേഷൻ മന്ത്രാലയവും (എംഒസിഎ) ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ നടപടികൾ നിർണ്ണയിക്കാനായി രണ്ട് ഏജൻസികളും ആലോചനകൾ നടത്തുന്നുണ്ട്.
എമിറേറ്റ്സ് എയർലൈൻസ് ഒക്ടോബർ ആദ്യം തന്നെ അവരുടെ എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചു. നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ കൈവശം വയ്‌ക്കാൻ മാത്രമേ യാത്രക്കാർക്ക് അനുവാദമുള്ളൂ. കൂടാതെ അവ ചാർജ് ചെയ്യുന്നതും അതുപയോഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതും കർശനമായി നരോധിച്ചു. ഏപ്രിലിൽ സിംഗപ്പൂർ എയർലൈൻസും സമാന നിരോധനം നടപ്പിലാക്കിയിരുന്നു. കാത്തേ പസഫിക്, ഖത്തർ എയർവേയ്‌സ് എന്നിവയുൾപ്പെടെ മറ്റ് പല വിമാനക്കമ്പനികളും യാത്രക്കാർക്ക് പവർ ബാങ്കുകൾ സൂക്ഷിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.
പവർ ബാങ്കുകളിൽ ലിഥിയം- അയൺ സെല്ലുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഗണ്യമായ അളവിൽ വൈദ്യുതി സംഭരിച്ച് വച്ച് പിന്നീടുള്ള അവസരങ്ങളിൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുമെങ്കിലും പലപ്പോഴും വേണ്ട പരിശോധനകളോ ഗുണനിലവാര സർട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് ഇവ വിൽക്കുന്നതെന്ന വിമർശനമുണ്ട്. കുറഞ്ഞ നിലവാരമുള്ള പവർ ബാങ്കുകൾക്ക് ഷോർട്ട് സർക്യൂട്ട് സംരക്ഷണം പോലുള്ള സുരക്ഷ സംവിധാനങ്ങൾ പോലും ഉണ്ടാകണമെന്നില്ല.