ഹെലിപ്പാഡില്ല : വി.വിഐ.പികളുടെ വരവിൽ വലഞ്ഞ് കുമരകംകാർ

Friday 24 October 2025 12:46 AM IST

കോട്ടയം : ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കൊച്ചുഗ്രാമം. ഗ്രാമീണഭംഗി ആസ്വദിക്കാൻ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, വിദേശ രാഷ്ട്രത്തലവന്മാരുമടക്കം നിരവധി വി.വി.ഐ.പികൾ എത്തുന്നയിടം. പക്ഷേ, വന്നിറങ്ങാൻ ഹെലിപ്പാഡില്ല. കുമരകത്തിന്റെ ദുര്യോഗമാണിത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വലയുന്നതാകട്ടെ സാധാരണക്കാരും. 12 കിലോമീറ്റർ മാറി കോട്ടയം പൊലീസ് ഗ്രൗണ്ടിലെ ഹെലിപ്പാഡാണ് ആകെയുള്ളത്. ഇവിടെ നിന്ന് കാർമാർഗം വേണം വി.വി.ഐ.പികൾക്ക് കുമരകത്തെത്താൻ. ദിവസങ്ങൾ മുൻപേ ട്രയൽറൺ തുടങ്ങും. റോഡിന്റെ ഇരുവശങ്ങളിലെ കച്ചവടക്കാരെയടക്കം ഒഴിപ്പിക്കും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് രാഷ്ട്രപതി താജ് ഹോട്ടലിൽ എത്തിയതെങ്കിലും രാവിലെ മുതൽ വാഹന നിയന്ത്രണം തുടങ്ങി. ഉച്ചയോടെ ബസുകൾ സർവീസ് നിറുത്തി. ചേർത്തല ഭാഗത്തു നിന്നുള്ള ബസുകൾ കുമരകത്തെത്താതെ കല്ലറ വഴിയാണ് സർവീസ് നടത്തിയത്. രാഷ്ട്രപതി കോട്ടയത്തെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ കുമരകം റോഡ് ബ്ലോക്കാക്കി. കവണാറ്റിൻകര ഭാഗത്തു നിന്നള്ള ചെറുവാഹനങ്ങളും തടഞ്ഞു. ഹെലിപ്പാഡ് ഉണ്ടായിരുന്നെങ്കിൽ കോട്ടയം - കുമരകം റോഡ് മണിക്കൂറുകളോളം അടയ്ക്കേണ്ടി വരില്ലായിരുന്നു. അട്ടിപ്പീടിക റോഡിലുള്ള ഗവ.സ്കൂൾ മൈതാനത്ത് വി.വി.ഐ.പികളുമായി നേരത്തേ ഹെലികോപ്ടർ ഇറങ്ങുമായിരുന്നു. സൂരി, ലേക്ക് ഷോർ തുടങ്ങിയ സ്റ്റാർ ഹോട്ടലിലും ഹെലികോപ്ടർ ഇറങ്ങാനുള്ള സൗകര്യമുണ്ടായിരുന്നു.

പ്രഖ്യാപനത്തിനപ്പുറം നടപടിയില്ല

കുമരകത്ത് മിനി വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ പ്രധാനമന്ത്രി എ.ബി.വാജ് പേയ് ഒരാഴ്ച കുമരകത്ത് തങ്ങി പ്രഖ്യാപിച്ച കുമരകം പാക്കേജിലും, കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ 100 കോടി ടൂറിസം പാക്കേജിലും വിമാനത്താവള ആവശ്യം ഇടം പിടിച്ചിരുന്നു. ആവശ്യത്തിന് സ്ഥലം ലഭ്യമാണെങ്കിലും ഇതിനുള്ള നടപടിയെങ്ങുമെത്തിയില്ല.

മികച്ച ചികിത്സയും അന്യം

പല രാജ്യാന്തര സമ്മേളനങ്ങൾക്കും വേദിയായിട്ടുള്ള കുമരകത്ത് സർക്കാർ ഹെൽത്ത് സെന്ററിനപ്പുറം നല്ലൊരു ആശുപത്രിയുമില്ല. എന്ത് അത്യാഹിതം ഉണ്ടായാലും കോട്ടയം മെഡിക്കൽ കോളേജിലോ, സ്വകാര്യ ആശുപത്രികളിലോ എത്തിക്കണം. മികച്ച ചികിത്സ ലഭിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതോടെ പാഴാകുന്നത്. കുമരകത്തിന് മാത്രമായി സബ്സ്റ്റേഷനില്ലാത്തതിനാൽ വൈദ്യുതി തടസവും പതിവാണ്. രാഷ്ട്രപതി തിരിച്ചുപോകും വരെ വൈദ്യുതി നിലയ്ക്കാതിരിക്കാൻ വൈക്കം ഫീഡറിൽ നിന്ന് കൂടി ലൈൻ വലിച്ചിട്ടും വലിയ ജനറേറ്റർ സംവിധാനവും ഏർപ്പെടുത്തേണ്ടി വന്നു.