ബ്ളേഡുകാരുടെ വിളയാട്ടം

Friday 24 October 2025 2:55 AM IST

സംസ്ഥാനത്ത് അമിത പലിശയ്ക്ക് പണം കടംകൊടുക്കുന്നത് നിരോധിച്ചിട്ടുള്ള നിയമം നിയമസഭ വർ‌ഷങ്ങൾക്കു മുമ്പുതന്നെ പാസാക്കിയിട്ടുണ്ട്. 'കേരള പണം കടം കൊടുപ്പുകാർ ആക്ടി"ലെ ഏഴാം വകുപ്പിലെ ഒന്നാം ഉപവകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള പലിശ നിരക്കിനേക്കാൾ കൂടിയ നിരക്കിൽ ദിവസാടിസ്ഥാനത്തിൽ വട്ടിപ്പലിശ ഈടാക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാവ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ നിയമം. ഇങ്ങനെ പണം പലിശയ്ക്ക് കൊടുക്കുന്നവർക്കെതിരെ പൊലീസിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തി കേസെടുക്കാം. അമിത പലിശയ്ക്ക് പണം വായ്‌പയായി വാങ്ങിയ വ്യക്തി ഒരു ഹർജി ഫയൽ ചെയ്താൽ, അയാൾക്കു നൽകിയ വായ്‌പയുടെയോ അതിന്മേലുള്ള പലിശയുടെയോ തിരിച്ചടവിലേക്കായി പലിശക്കാരൻ കൈവ‌‌ശപ്പെടുത്തിയ സ്ഥാവരമോ ജംഗമമോ ആയ വസ്തു ഉണ്ടെങ്കിൽ അതിന്റെ കൈ‌വശ‌ാവകാ‌‌ശം പുനഃസ്ഥാപിച്ച് നൽകുവാൻ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.

ഇത്തരം പഴുതടച്ച നിയമമൊക്കെ ഇവിടെ നിലവിലുണ്ടെങ്കിലും കഴുത്തറുപ്പൻ പലിശയ്ക്ക് പണം കൊടുക്കുന്ന കുബേരൻമാർക്കും അതു വാങ്ങി കടക്കെണിയിലായി വസ്തുക്കളെല്ലാം നഷ്ടപ്പെട്ട് തെരുവിലാകുന്നവർക്കും പലിശക്കാരുടെ ഗുണ്ടകളുടെ ഭീഷണി സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങൾക്കുമൊന്നും ഇവിടെ ഒരു കുറവും ഉണ്ടായിട്ടില്ല. ഇതിന് പ്രധാന കാരണം,​ യാതൊരു ലൈസൻസും രേഖകളുമില്ലാതെ പലിശയ്ക്ക് കൊടുക്കുന്നവരുടെ എണ്ണം ഇവിടെ വളരെ അധികമാണെന്നതാണ്. പലപ്പോഴും പലിശയ്ക്ക് കൊടുക്കുന്നയാൾ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയോ ഗുണ്ടകളുടെയോ ബിനാമികളായിരിക്കും. വസ‌്‌തുവിന്റെ പ്രമാണവും വാഹന‌ങ്ങളുടെയും വീടിന്റെയും മറ്റും രേഖകളും വാങ്ങിവച്ചിട്ടാവും പണം കൊടുക്കുന്നത്. വീടുവയ്ക്കാനും മക്കളെ പഠിപ്പിക്കാനും പെൺമക്കളെ കെട്ടിച്ചുവിടാനും ചികിത്സയ്ക്കും മറ്റുമായാണ് ഭൂരിപക്ഷം പേരും പണം പലിശയ്ക്ക് വാങ്ങുന്നത്.

സ്വാഭാവികമായും,​ ഇവർ പലിശ നൽകുന്നത് മുടങ്ങാനാണ് എല്ലാ സാദ്ധ്യതയുമുള്ളത്. പലിശ മുടങ്ങിയാൽ പിഴപ്പലിശയും അതിനു മേൽ പലിശയുമൊക്കെയായി എത്ര അടച്ചാലും തീരാത്തവിധം കടം വളർന്നുകൊണ്ടിരിക്കും. അങ്ങനെ നിൽക്കക്കള്ളിയില്ലാതാകുമ്പോഴാണ് പലരും ആത്മഹത്യയിൽ അഭയം തേടുന്നത്. കടക്കെണിയിൽ കുരുങ്ങിയ ഒരു വ്യാപാരി ഗുരുവായൂരിൽ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ആറുലക്ഷം രൂപ വട്ടിപ്പലിശയ്ക്ക് എടുത്തിരുന്ന ഇയാൾ ഒന്നര വർഷത്തിനിടയിൽ 40 ലക്ഷം രൂപയാണ് പലരിൽ നിന്ന് കടം വാങ്ങി തിരിച്ചടച്ചത്. എന്നിട്ടും കടം തീർന്നില്ല. പലിശത്തീയതി ഒരു ദിവസം മാറിയാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഇയാളുടെ കടയിൽ കയറി പലിശക്കാരന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി. 20 ലക്ഷം മതിപ്പുവിലയുള്ള ഭൂമി അഞ്ചുലക്ഷത്തിന് എഴുതിവാങ്ങുകയും ചെയ്തു. പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല! എല്ലാ വഴിയും അടഞ്ഞപ്പോഴാണ് മുസ്‌തഫ എന്ന നാൽപ്പത്തിയെട്ടുകാരനായ ഈ വ്യാപാരി ജീവനൊടുക്കിയത്.

കേരളത്തിൽ നടന്ന പല കൂട്ടആത്മഹത്യകളുടെയും പിന്നിൽ ഇത്തരം ബ്ളേഡുകാരുടെ ഭീഷണിയാണെന്നത് പരസ്യമായ രഹസ്യമാണ്. ബ്ളേഡുകാരെ ഒതുക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. റെയ്‌ഡുകൾക്ക് അധികാരം നൽകിയെങ്കിലും കാര്യമായ റെയ്‌ഡുകളൊന്നും നടന്നിട്ടില്ല. പല വട്ടിപ്പലിശക്കാരും ശക്തമായ രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനമുള്ളവരാണ്. മകളുടെ വിവാഹത്തിനായി വാങ്ങിയ മൂന്നു ലക്ഷത്തിന്,​ 10 ലക്ഷം പലിശ നൽകിയതിനു പുറമെ 20 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പാലക്കാട്ടെ കർഷകൻ വേലുക്കുട്ടി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയത് ഉൾപ്പെടെ എണ്ണിയെണ്ണിപ്പറയാൻ നിരവധി സംഭവങ്ങളുണ്ട്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചാൽ ബ്ളേഡുകാരുടെ വിളയാട്ടം ഒരു വലിയ പരിധിവരെ തടയാനാകും. അതിനുള്ള സത്വര നടപടികൾ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ വൈകരുത്.