ദേശീയപാത വികസനം, പ്രതീക്ഷ മങ്ങിയാൽ സമരമെന്ന് ഭൂവുടമകൾ

Friday 24 October 2025 1:11 AM IST

ബാലരാമപുരം: കൊടിനട-വഴിമുക്ക് വികസനം അനിശ്ചിതമായി നീളുന്നതിനെതിരെ ഭൂവുടമകൾ വീണ്ടും സമരത്തിലേക്ക്. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് എ.ബി.സി കാറ്റഗറിയിലുള്ള ഭൂവുടമകൾ രേഖകൾ കൈമാറിയിട്ട് പത്ത് വർഷം കഴിഞ്ഞെന്നും വികസനത്തിനായി വസ്തുവും പ്രമാണവും കൈമാറിയിട്ട് നാളിതുവരെയായിട്ടും ജില്ലാഭരണകൂടമോ പ്രാദേശിക രാഷ്ട്രീയ നേതൃത്വമോ വികസനത്തിനായി ശബ്ദമുയർത്തിയില്ലെന്നും ഭൂവുടമകൾ പറയുന്നു.

കെ.ആർ.എഫ്.ബിക്കാണ് പാതവികസനത്തിന്റെ നിർമ്മാണച്ചുമതല. പാത വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം പ്രാദേശിക നേതൃത്വവും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സി.കെ.ഹരീന്ദ്രൻ,​ കെ.ആൻസലൻ എം.എൽ.എമാരുമായി കൂടിയാലോചനകളും നടന്നുവരുകയാണ്. കെട്ടിടം പൊളിച്ചുമാറ്റുന്ന കരാറുകാരും മന്ദഗതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്.

അണ്ടർ പാസ്സേജ് ഒഴിവാക്കാൻ വിവിധ സംഘടനകൾ കച്ചവടം ഉപേക്ഷിച്ചും കളക്ടറേയും മന്ത്രിയേയും നേരിൽ കണ്ട് സമരപ്രഖ്യാപനം നടത്തിയെങ്കിലും ദേശീയപാത വികസനത്തിനായി നിലവിൽ ആരും രംഗത്ത് വരുന്നില്ലെന്നും പരാതിയുണ്ട്.

നഷ്ടപരിഹാരം ഇനിയും വൈകുമെന്ന ആശങ്ക

ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ കളക്ടറെ നേരിൽ കണ്ടപ്പോൾ കൊടിനട- വഴിമുക്ക് വികസനത്തിന് 102 കോടി രൂപ അനുവദിച്ചതായി ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ലാന്റ് അക്യൂസിഷൻ സെക്ഷനിൽ തുക കൈമാറിയാൽ മാത്രമേ നഷ്ടപരിഹാരം വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും അറിയിച്ചിരുന്നു. നിയമസഭയിൽ കെ.ആൻസലൻ സബ്മിഷൻ നൽകിയപ്പോൾ അനുവദിച്ച ഫണ്ട് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് മാറിയെന്നും പിഴവ് തിരുത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നഷ്ടപരിഹാരം ഇനിയും വൈകുമെന്ന ആശങ്കയിൽ വീണ്ടും സമരത്തിനൊരുങ്ങുകയാണ് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ,​​ ദേശീയപാത ആക്ഷൻ കൗൺസിൽ,​ ഭൂമിപാർപ്പിട സംരക്ഷണസമിതി,​​ ജനകീയ പ്രതികരണവേദി തുടങ്ങിയ സംഘടനകൾ.

150ഓളം പേർക്ക്

നഷ്ടപരിഹാരം കിട്ടിയിട്ടില്ല

എ.ബി.സി കാറ്റഗറികളിലായി 150ഓളം പേർക്ക് നഷ്ടപരിഹാരം കൈമാറാനുണ്ട്. ഭൂമി ഏറ്റെടുത്തത് മുതലുള്ള തുക നിയമാനുസൃതമായ പലിശ ഉൾപ്പെടെ ലഭ്യമാക്കണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെടുന്നത്. നടപടി വൈകിയാൽ കളക്ടറെ നേരിൽക്കണ്ട് പ്രമാണവും ഭൂമിയുടെ രേഖകളും തിരികെ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഭൂവുടമകൾ.

മന്ത്രിക്ക് കത്ത് നൽകുമെന്ന് എം.എൽ.എ

കൊടിനട-വഴിമുക്ക് വികസനത്തിന് 102 കോടി രൂപ അനുവദിച്ചിട്ടും ഭൂവുടമകൾക്ക് നഷ്ടപരിഹാരം വൈകുന്നതിനെതിരെ കത്ത് നൽകും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെടും. ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് തുക മാറിയത് സംബന്ധിച്ചുള്ള പിഴവുകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ നടപടി സ്വീകരിക്കണം.