ബഡ്‌സ് സ്‌കൂൾ പൂട്ടിയിടൽ: ബാലാവകാശ കമ്മിഷൻ കേസെടുത്തു
പാറശാല: കാരോട് പഞ്ചായത്തിൽ 60 ലക്ഷത്തോളം രൂപ ചെലവുചെയ്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ രണ്ട് വർഷമായി പൂട്ടിയിട്ടിരിക്കുന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞ 22ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് കമ്മീഷൻ സ്വമേധയാ കേസെടുക്കുന്നതിനും അന്വേഷണങ്ങൾക്കും തയാറായത്. ലൈൻ മാറ്റി സ്ഥാപിക്കാതെ തന്നെ 60 ലക്ഷത്തോളം മുടക്കി കെട്ടിടം നിർമ്മിക്കുന്നതിനും കെട്ടിടത്തിന് നമ്പർ നൽകിയതിനും പഞ്ചായത്ത് അധികൃതർക്കെതിരെ അന്വേഷണം ഉണ്ടായേക്കും. പഞ്ചായത്തിൽ ഭിന്നശേഷിക്കുട്ടികൾ കൂടുതലായുള്ള മേഖല കേന്ദ്രീകരിച്ച് ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കണമെന്ന രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്ന് പോൾരാജ് ആൻഡ് കമ്പനി ഉടമയും കാരുണ്യ പ്രവർത്തകനുമായ എ.പോൾരാജാണ് സ്‌കൂൾ നിർമ്മിക്കുന്നതിന് 10 സെന്റ് ഭൂമി പഞ്ചായത്തിന് കൈമാറിയത്. എന്നാൽ സ്‌കൂൾ സ്ഥാപിച്ച സ്ഥലത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ11 കെ.വി ലൈൻ മാറ്റാതെയാണ് കെട്ടിടം നിർമ്മിച്ചതും ഉദ്‌ഘാടനം ചെയ്തതും. പഞ്ചായത്ത് കെട്ടിടനമ്പർ നൽകിയിരുന്നെങ്കിലും കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകിയില്ല.വൈദ്യുതി കണക്ഷൻ ലഭിക്കാതെ സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂൾ കെട്ടിടം പൂട്ടിയിട്ട നിലയിൽ തുടരുകയായിരുന്നു.