'നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യം കാരണം'; സര്‍വീസ് റദ്ദാക്കിയതില്‍ ഖേദപ്രകടനവുമായി വിമാനക്കമ്പനി

Thursday 23 October 2025 8:28 PM IST

കൊച്ചി: ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് പറക്കേണ്ട വിമാനം റദ്ദാക്കിയതില്‍ ഖേദപ്രകടനവുമായി വിമാനക്കമ്പനി. സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബായ് - മംഗളൂരു റൂട്ടിലുള്ള തങ്ങളുടെ ഒരു വിമാനം എയര്‍ലൈനിന്റെ നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങള്‍ കാരണം റദ്ദാക്കേണ്ടിവന്നതില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. ഇതിന് പകരം യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരു പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

മംഗളൂരുവില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് തിരിച്ചുള്ള വിമാനം റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു. മംഗളൂരുവില്‍ നിന്നുള്ള ഒരു യാത്രക്കാരന്റെ മെഡിക്കല്‍ സാഹചര്യം മോശമായതിനാല്‍ വിമാനം തിരികെ മംഗളൂരുവിലേക്ക് തന്നെ പോകുകയായിരുന്നു. ദുബായില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു ഇത്.

വിമാന യാത്ര മുടങ്ങിയ എല്ലാ യാത്രക്കാര്‍ക്കും ദുബായിലെ എയര്‍പോര്‍ട്ട് ഹോട്ടലില്‍ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ താമസസൗകര്യം ഉടന്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍ പോലെ മംഗലാപുരത്തിന് സമീപ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചവര്‍ക്കും, ബുക്കിംഗ് റദ്ദാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കും അതിനനുസരിച്ചുള്ള സഹായങ്ങള്‍ നല്‍കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.