വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ അറുതിയില്ലാതെ തെരുവുനായ ശല്യം
മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പടവൻകോട് ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസംപടവൻകോട് ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ കടിച്ച് മുറിവേല്പിച്ചതാണ് ഒടുവിലത്തെ സംഭവം.കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ വഴിയാത്രക്കാരെയും വീടിന് മുന്നിൽ നിൽക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തെരുവുനായ കടിച്ച് പരിക്കേല്പിച്ചത് അടുത്തിടെയാണ്.സ്കൂട്ടറർ മറിഞ്ഞ് യുവതിയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. പഞ്ചായത്ത് അധികൃതർക്ക് പടവൻകോട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വിളപ്പിൽശാലജംഗ്ഷൻ,വടക്കേജംഗ്ഷൻ,ചെറുകോട്,പുളിയറക്കോണം,കാവിൻപുറം,വെള്ളൈക്കടവ്,കരുവിലാഞ്ചി,നൂലിയോട്,മുളയറ,ചൊവ്വള്ളൂർ എന്നീ പ്രദേശങ്ങളിലും വിളപ്പിൽശാല സർക്കാർ ആശുപത്രിയ്ക്ക് മുന്നിലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്.
വർദ്ധിച്ചുവരുന്ന തെരുവുനായശല്യത്തിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ചെയ്യാനൊരുങ്ങുകയാണ് പടവൻകോട് നിവാസികൾ.