അക്കാമ്മയുടേത് ആദർശധീരമായ നേതൃത്വം: ശശി തരൂർ
തിരുവനന്തപുരം: ആദർശധീരവും മാതൃകാപരവുമായ നേതൃത്വം വഹിച്ചിരുന്ന ആളായിരുന്നു സ്വാതന്ത്ര്യസമര നായികയായ അക്കാമ്മ ചെറിയാനെന്ന് ഡോ.ശശി തരൂർ എം.പി പറഞ്ഞു. പുരുഷന്മാരായ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ വനിതകളെയും ഗ്രാമീണരെയും സംഘടിപ്പിച്ച് സമരം നയിച്ചു. നാല് വർഷത്തോളം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നെന്നും ശശി തരൂർ പറഞ്ഞു.
അക്കാമ്മ ചെറിയാൻ 1938 ഒക്ടോബർ 23ന് നയിച്ച പൗരാവകാശ സംരക്ഷണ ജാഥയുടെ സ്മരണയ്ക്കായി രാജ്ഭവന് മുമ്പിലെ അക്കാമ്മ പാർക്കിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ കെ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ്,കൗൺസിലർ പി.ശ്യാംകുമാർ,മുട്ടട രാജേന്ദ്രൻ,പട്ടം അനിൽകുമാർ,കരികുളം രാധാകൃഷ്ണൻ,ലീലാമ്മ ഐസക്ക്,കലവൂർ സുരേഷ്,ഇടവക്കോട് അശോകൻ,ബി.മനുകുമാർ,സജു അമർദാസ് തുടങ്ങിയവർ പങ്കെടുത്തു.