അഴീക്കോട് തീരത്ത് കൂറ്റൻ തിമിംഗലം കരയ്ക്കടിഞ്ഞു
കണ്ണൂർ: അഴീക്കോട് നീർക്കടവ് തീരത്ത് ചത്ത കൂറ്റൻ തിമിംഗലം അടിഞ്ഞു.പതിനാലു മീറ്റർ നീളമുള്ള തീമിംഗലത്തിന്റെ അന്തരികാവയവങ്ങൾ ഉൾപ്പടെ അഴുകിയ നിലയിലായിരുന്നു.ഇന്നലെ രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് നീർക്കടവ് ശിവജിമുക്കിന് സമീപം അഴുകിയ നിലയിൽ തിമിംഗലത്തിന്റെ ജഡം കണ്ടത്.
അഴുകിയയതിനാൽ പ്രദേശത്ത് ആകെ ദുർഗന്ധം പടർന്നു. കപ്പലോ മറ്റോ ഇടിച്ചുണ്ടായ സാരമായ പരിക്കിനെ തുടർന്നായിരിക്കാം തിമിംഗലം ചത്തതെന്നാണ് പ്രാഥമിക നിഗമനം. ജഡത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കം ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ജില്ലാ വെറ്ററിനറി ആശുപത്രിയിലെ സർജൻ ഡോ.ദിൽന, തളിപറമ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ എന്നിവർ ജഡം പരിശോധിച്ചു. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.ഇല്യാസാണ് പോസ്റ്റുമാർട്ടം നടത്തിയത്. വൈകുന്നേരം മഴ ഉണ്ടായത് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് തടസമായി. ഫോറസ്റ്റ് റസ്‌ക്യൂവർമാരായ ശ്രീജിത്ത്, സന്ദീപ്, ജിഷ്ണു എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം തീരത്ത് കുഴിയെടുത്ത് ജഡം കുഴിച്ച് മൂടി.
ആഴക്കടലിൽ മാത്രമാണ് തിമിംഗലങ്ങളെ സാധരാണയായി കണ്ടുവരാറുള്ളതെന്നും തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇവയെത്തുന്നത് അപൂർവമാണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ15ന് പയ്യാമ്പലം തീരത്തിനോട് ചേർന്ന് പയ്യാമ്പലത്തും നീർക്കടവിലുമായി രണ്ട് ഡോൾഫിനുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുവർഷം മുമ്പ് അഴീക്കോട് ചാൽ ബീച്ചിൽ കടലാമ സംരക്ഷണ കേന്ദ്രത്തിന് സമീപം പെൺ തിമിംഗലം ചത്തടിഞ്ഞിരുന്നു.തിമിംഗലം കരക്കടിഞ്ഞതറിഞ്ഞ് നിരവധിയാളുകളാണ് നീർക്കടവ് തീരത്തെത്തിയത്.അഴീക്കൽ കോസ്റ്റൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.