കോർപ്പറേഷനിൽ കൂടുതൽ സീറ്റിനായി മുസ‌്ലിം ലീഗ് ആവശ്യപ്പെടുന്നത് നാല് ഡിവിഷനുകൾ

Thursday 23 October 2025 9:39 PM IST

കണ്ണൂർ: കോർപ്പറേഷനിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ളീം ലീഗ്. സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി വാർഡ് വിഭജന ചർച്ചകൾ ആരംഭിക്കാനൊരുങ്ങിയ സാഹചര്യത്തിൽ യു.ഡി.എഫിൽ ആവശ്യമുയർത്താനാണ് ലീഗിന്റെ നീക്കം.

കോർപ്പറേഷനിലെ സീറ്റ് വിഭജനം ഈ മാസം 30നകം പൂർത്തിയാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് കൂടുതൽ സീറ്റുകൾക്കായി അവകാശവാദമുന്നയിക്കാൻ ലീഗ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് നാല് ഡിവിഷനുകൾ കൂടി അധികമായി ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ജില്ലാ മുസ്ലീംലീഗ് നേതൃത്വം. കഴിഞ്ഞ തവണ പതിനേഴിൽ മത്സരിച്ച മുസ്ലീംലീഗ് 14 ഡിവിഷനുകളിൽ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് വിട്ടുകൊടുത്ത പഞ്ഞിക്കയിലിന് പുറമെ വാരം, വെത്തിലപ്പള്ളി ഡിവിഷനുകൾ കൂടിയാണ് ലീഗ് ആവശ്യപ്പെടാൻ ഒരുങ്ങിയിരിക്കുന്നത്. ഇതിന് പുറമെ കോൺഗ്രസ് മത്സരിക്കുന്ന സൗത്ത് ബസാർ ഡിവിഷൻ വിട്ടുകിട്ടാനും മുസ്ലീംലീഗ് പ്രാദേശികനേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ലീഗ് സ്ഥാനാർത്ഥി മത്സരിച്ചാൽ സി.പി.എമ്മിന്റെ ഈ ഡിവിഷൻ പിടിച്ചെടുക്കാമെമെന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അവകാശവാദം. ഇതു വിട്ടുകിട്ടിയില്ലെങ്കിലും മറ്റു ഡിവിഷനുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്നാണ് ലീഗ് നിലപാട്. പ്രാദേശിക തലത്തിൽ നിന്നുള്ള ശക്തമായ സമ്മർദം മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒറ്റക്ക് മത്സരിച്ചാൽ പോലും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്താനാവുമെന്ന ആത്മവിശ്വാസമാണ് മുസ്ളീം ലീഗിനുള്ളത്.

മുന്നണിയിലെ പോര് മറികടക്കണം;ശേഷം പാർട്ടിയിലെ പോരും

നേരത്തെ മുസ്ലീംലീഗ് മത്സരിച്ചിരുന്ന പഞ്ഞിക്കയിൽ ഡിവിഷൻ കഴിഞ്ഞ തവണ കോൺഗ്രസ് നേതൃത്വവുമായുള്ള ധാരണയെ തുടർന്ന് മുസ്ലീംലീഗ് വിട്ടുനൽകിയിരുന്നു. എന്നാൽ വാരം ഡിവിഷൻ ലീഗിന് നൽകാമെന്ന ധാരണ പാലിച്ചില്ല. ഇതിന് പുറമെ മേയർ സ്ഥാനം വച്ചുമാറാൻ ഉണ്ടാക്കിയ ധാരണ ആറു മാസത്തോളം വൈകിപ്പിച്ചത് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചിരുന്നു. മുന്നണി പരിപാടികൾ ബഹിഷ്കരിക്കുന്നിടത്തോളമെത്തി സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. ഈ ഭിന്നത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന സംശയവും മുന്നണി നേതൃത്വത്തിനുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് കരാർ പാലിക്കാത്തതിനെ തുടർന്ന് മുസ്ലീംലീഗ് അണികൾ നേതൃത്വത്തിനെതിരെ തന്നെ കടുത്ത പ്രതിഷേധവുമുയർന്നിരുന്നു. സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിലുണ്ടായ ഏക കോർപറേഷൻ കൂടിയാണ് കണ്ണൂർ.അവസാന രണ്ടുവർഷക്കാലമാണ് ലീഗിന്മേയർ പദവി ലഭിച്ചത്. ഇത്തവണ ഉറപ്പുള്ള സീറ്റുകൾ ലക്ഷ്യമിട്ട് മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുൾപ്പെടെ നീങ്ങുന്നതായും വിവരമുണ്ട്. മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകാമെന്ന് സംസ്ഥാനനേതൃത്വം ഇറക്കിയ സർക്കുലർ കൂടി ഉള്ളതിനാൽ മുസ്ലീം ലീഗിനുള്ളിൽ തന്നെ സീറ്റിനായി പിടിവലിയുണ്ടാകുമെന്നും സൂചനയുണ്ട്.