79,000 കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി

Friday 24 October 2025 1:44 AM IST

ന്യൂഡൽഹി: മൂന്ന് സേനകൾക്കായി വിവിധ ആയുധങ്ങൾ വാങ്ങാനുള്ള 79,000 കോടിയുടെ ഇടപാടുകൾക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിരോധ അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അംഗീകാരം നൽകി. ശത്രു ടാങ്കുകളും ബങ്കറുകളും തകർക്കാൻ കരസേനയ്‌ക്ക് കരുത്തു നൽകുന്ന നാഗ് മിസൈൽ,ശത്രു റഡാർ സിഗ്‌നലുകൾ പിടിച്ചെടുക്കുന്ന ഗ്രൗണ്ട്-ബേസ്ഡ് മൊബൈൽ എലിന്റ് സിസ്റ്റം (ജി.ബി.എം.ഇ.എസ്),മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ക്രെയിനോടുകൂടിയ വാഹനങ്ങൾ (എച്ച്.എം.വി),നാവികസേനയ്ക്ക് രക്ഷാദൗത്യങ്ങളിൽ ഉപയോഗിക്കാനുള്ള ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്കുകൾ (എൽ.പി.ഡി),30എം.എം നേവൽ സർഫസ് ഗൺ (എൻ.എസ്.റി),അഡ്വാൻസ്ഡ് ലൈറ്റ്-വെയ്റ്റ് ടോർപ്പിഡോകൾ (എ.എൽ.ഡബ്ല്യു.ടി), ഇലക്ട്രോ-ഒപ്റ്റിക്കൽ ഇൻഫ്രാ-റെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം,76എം.എം സൂപ്പർ റാപ്പിഡ് തോക്കിനുള്ള വെടിയുണ്ടകൾ എന്നിവ വാങ്ങുന്നതിനുള്ള ശുപാർശകളും അംഗീകരിച്ചു.

വ്യോമസേനയ്ക്ക് കൊളാബറേറ്റീവ് ലോംഗ് റേഞ്ച് ടാർഗെറ്റ് സാച്ചുറേഷൻ/ഡിസ്ട്രക്ഷൻ സിസ്റ്റം വാങ്ങാനുള്ള ഇടപാടും ഇതിലുൾപ്പെടുന്നു. നിരീക്ഷണത്തിനും ലക്ഷ്യങ്ങളിലെത്തി നാശം വിതയ്‌ക്കാനും കഴിവുള്ള ചെറു വിമാനങ്ങൾ അടങ്ങിയതാണിത്.