നവംബർ മുതൽ രാജ്യ വ്യാപക എസ്.ഐ.ആർ
ന്യൂഡൽഹി: രാജ്യവ്യാപകമായി തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള (എസ്.ഐ.ആർ) നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നവംബറിൽ തുടങ്ങിയേക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ‌്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, ആസാം സംസ്ഥാനങ്ങളിലാകും ആദ്യഘട്ടം. കേരളത്തിൽ ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ അതിനു ശേഷമാകും പരിഷ്കരണം. വിശദമായ സമയക്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിക്കും. ബീഹാറിൽ നടത്തിയതുപോലെ മൂന്നു മാസം കൊണ്ട് പൂർത്തിയാക്കും.
എസ്.ഐ.ആറിന് തയ്യാറാകാൻ ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളെയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും. തുടർന്ന് ഘട്ടംഘട്ടമായി മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ആർ നീട്ടണമെന്ന് കേരളവും മഹാരാഷ്‌ട്രയും തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പ്രസിദ്ധീകരിച്ച ശേഷമേ എസ്.ഐ.ആർ നടപ്പാക്കാവൂ എന്ന് അസാമിൽ നിന്നുള്ള ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ ആദ്യഘട്ടത്തിൽ അസാമിനെ ഒഴിവാക്കാനും സാദ്ധ്യതയുണ്ട്. രാജ്യത്ത് അവസാനം എസ്.ഐ.ആർ നടപ്പാക്കിയ 2003-2004 വർഷങ്ങളിലെ വിവരങ്ങൾ അനുസരിച്ചാകും കരട് പട്ടിക തയ്യാറാക്കുക.
പരിഷ്കരണം ബീഹാർ
മാതൃകയിൽ
ബീഹാറിൽ നടന്ന തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണ മാതൃകയിലാകും രാജ്യവ്യാപക പരിഷ്കരണവും നടപ്പാക്കുക. ആധാർ പൗരത്വ രേഖയായി കണക്കാക്കില്ല. തിരിച്ചറിയൽ രേഖയായി മാത്രമേ പരിഗണിക്കൂ. പൗരത്വം തെളിയിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്ന 11 രേഖകളിൽ ഒന്ന് ഹാജരാക്കേണ്ടി വരും.