പി.എം.ഡി.ഡി.കെ.വൈയിൽ കണ്ണൂർ,​കാസർകോട് ,​കോഴിക്കോട് ജില്ലകൾ കൃഷിയിടങ്ങളിൽ വൻപ്രതീക്ഷ

Thursday 23 October 2025 10:10 PM IST

കണ്ണൂർ: രാജ്യത്ത് പ്രധാനമന്ത്രി ധൻധ്യാന കൃഷിയോജനയുടെ ഭാഗമാകുന്ന നൂറു ജില്ലകളിൽ ഉൾപ്പെട്ടതോടെ കണ്ണൂർ,​കാസർകോട്,​ കോഴിക്കോട് ജില്ലകളിലെ കാർഷികമേഖലയ്ക്ക് മുന്നിലുള്ളത് വൻ സാദ്ധ്യതകൾ.പതിനൊന്ന് വകുപ്പുകൾ കൈക്കോർക്കുന്ന പദ്ധതി പരമാവധി വരുമാന വർദ്ധനവാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളും പദ്ധതിനടത്തിപ്പിനായി ഉപയോഗിക്കും. ഉത്പാദനവർദ്ധന, വിളവൈവിദ്ധ്യം, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സുസ്ഥിര കൃഷിരീതികൾ, വിപുലമായ ജലസേചന പദ്ധതികൾ ,​ കാർഷികവായ്പ എന്നിവ പി.എം.ഡി.ഡി.കെ.വൈ പദ്ധതിയുടെ ഭാഗമായി കർഷകരിലെത്തും.കൃഷി, കർഷകക്ഷേമം, കാർഷികഗവേഷണം, വിദ്യാഭ്യാസം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ജല വിഭവ–നദി വികസനം, ഗ്രാമീണ വികസനം, ഭൂവിഭവം, സഹകരണം, ഭക്ഷ്യ സംസ്കരണ വ്യവസായം, നൈപുണ്യ വികസനം–സംരംഭകത്വം എന്നീ പതിനൊന്നു വകുപ്പുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ കൈക്കോർക്കുന്നത്. ഈ വകുപ്പുകളുടെ കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ജില്ലാ കാർഷിക വികസന പദ്ധതിയിലേക്കു സംയോജിപ്പിക്കും.

ഉപേക്ഷിക്കപ്പെട്ട പാറമടകളും ചെങ്കൽ ക്വാറികളുമുൾപ്പെടെ തരിശിടങ്ങളെ കൃഷിയിടങ്ങളാക്കാനും പദ്ധതിയുണ്ട്. കണ്ണൂർ ജില്ലയിൽ കളക്ടർ അദ്ധ്യക്ഷനായ ജില്ല സമിതി ഇതിനകം രൂപീകരിച്ചു.വിവിധ വകുപ്പധികാരികളുൾപ്പെടുന്നതാണ് സമിതി.

പ്രിൻസിപ്പൽ കൃഷി ഓഫിസർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ കമ്മിറ്റികളുണ്ടാകും. നിതി ആയോഗ് പദ്ധതിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകും.കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ പദ്ധതിയുടെ ഭാഗമാകും. ഓരോ ജില്ലയ്ക്കും കാർഷിക വികസന പ്ലാൻ തയാറാക്കും.

കർഷക ജീവിതനിലവാരം ഉയർത്തും,​ കൃഷി ലാഭകരമാക്കും

ജില്ലയിലെ കർഷകരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ അന്തിമലക്ഷ്യം. ദീർഘ–ഹ്രസ്വകാല വായ്പകൾ കുറഞ്ഞ പലിശയ്ക്കു കൂടുതൽ ലഭിക്കും. വിവിധ സാമ്പത്തിക സഹായങ്ങളും വായ്പയും ഇതുവഴി ലഭിക്കും. കാർഷികോത്പന്നങ്ങളുടെ മാർക്കറ്റിംഗ്, സംഭരണം എന്നിവയും ഇതിന്റെ ഭാഗമാണ്. നെൽക്കൃഷിയിൽ വൈവിധ്യവത്ക്കരണം, ഉൽപാദനം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കും. നിലവിൽ ഒരു ഹെക്ടറിൽ 2.5 ടൺ ആണ് ജില്ലയുടെ നെല്ല് ഉത്പാദന നിരക്ക്. ഇത് ആറു വരെയാക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുധാന്യ കൃഷിക്കും ലക്ഷ്യമിടുന്നുണ്ട്. ഈ മാസം 31ന് മുമ്പെ ജില്ലയിലെ ആക്ഷൻ പ്ളാൻ പൂർത്തിയാക്കി നവംബർ മുതൽ ആദ്യ ഘട്ടം ആരംഭിക്കാനാണ് തീരുമാനം.

പരിഗണിച്ചതിന് പിന്നിൽ കാർഷിക വൈവിദ്ധ്യം

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ വൈവിദ്ധ്യമേറിയ വിളകളുള്ളതാണ് രാജ്യത്തെ നൂറ് ജില്ലകൾക്കൊപ്പം പദ്ധതിക്ക് തിരഞ്ഞെടുക്കാൻ കാരണം. ഒരെ സമയം നെല്ലും തെങ്ങും കുരുമുളകും റബറും കമുകുമെല്ലാം കൃഷി ചെയ്യുന്നത് പ്രത്യേകമായി പരിഗണിക്കപ്പെട്ടു.ഇതിന് പുറമെ തരിശുഭൂമി കൂടുതലുള്ള ജില്ലകളെന്നതും തിരഞ്ഞെടുപ്പിന് കാരണമായി.

ജില്ലയിൽ വിളകൾ തിരിച്ചറിയൽ, ഉത്പാദനക്ഷമത കുറവുള്ള സ്ഥലങ്ങൾ കണ്ടെത്തൽ, മണ്ണിന്റെ ആരോഗ്യം തിരിച്ചറിയൽ, കന്നുകാലി രോഗങ്ങൾ എന്നിവയ്ക്കു സാദ്ധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള സർവേ നടന്നു വരികയാണ്. -കെ.എൻ.ജ്യോതികുമാരി പ്രിൻസിപ്പൽ കൃഷി ഓഫീസർ