ഐഷ കൊലപാതകം: സെബാസ്റ്റ്യൻ കസ്റ്റഡയിൽ
ചേർത്തല:ചേർത്തല സ്വദേശി ഹയറുമ്മയെ (ഐഷ–62) കൊലപ്പെടുത്തിയ കേസിൽ പ്രതി വസ്തു ഇടനിലക്കാരനായ പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസമാണ് കസ്റ്റഡി കാലാവധി.പൊലീസിന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എം.വിനോദ് കോടതിയിൽ ഹാജരായി. രണ്ടു കൊലപാതക കേസുകളിൽ പ്രതിയായ സെബാസ്റ്റ്യൻ വീയൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ കൊലപാതകകേസിൽ കോട്ടയം ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ ജൂലായ് 28ന് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതു ഐഷയുടേതാണെന്ന സംശയം ഉയർന്ന സാഹചര്യത്തിലാണ് പുനരന്വേഷണം നടത്തിയതും സെബാസ്റ്റ്യനെ പ്രതിചേർത്തതും. 2012 മേയ് 12നാണ് ഐഷയെ കാണാതായത്. ഐഷയുമായി സെബാസ്റ്റ്യൻ സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.സെബാസ്റ്റ്യനെ ഐഷയ്ക്ക് പരിചയപ്പെടുത്തിയ പ്രദേശവാസിയായ റോസമ്മയും പൊലീസ് നിരീക്ഷണത്തിലാണ്. ഐഷ സ്ഥലം വാങ്ങുന്നതിനായി കരുതിവെച്ചിരുന്ന രണ്ട് ലക്ഷം രൂപയും ഒന്നരപ്പവൻ സ്വർണവും സെബാസ്റ്റ്യൻ കൈക്കലാക്കിയിരുന്നു. ഇതു തിരികെ ചോദിച്ചതിലെ വിരോധമാണ് കൊലപാതകത്തിനു കാരണമായതെന്നു കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു.ഐഷയെ സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറ വീട്ടിലെത്തിച്ചാണ് കൊലപ്പെടുത്തിയത്.കസ്റ്റഡിയിൽ ലഭിച്ച സെബാസ്റ്റ്യനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റേയും,ചേർത്തല ഡിവൈ.എസ്.പി ടി.അനിൽകുമാറിന്റേയും സാന്നിദ്ധ്യത്തിൽ ഇന്ന് സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്യും. ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.