ദേശീയപാത നവീകരണം,​ അപകടങ്ങൾക്ക് അറുതിയില്ല

Friday 24 October 2025 2:18 AM IST

ആലപ്പുഴ: നവീകരണം നടക്കുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസിന് കാറിൽ പോകുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. അരൂർ അമ്പലം ജംഗ്ഷന് സമീപമായിരുന്നു സംഭവം.

ഗട്ടറിൽ പതിച്ച ബസിനുള്ളിൽ വീണ് യുവാവിന്റെ വാരിയെല്ല് പൊട്ടിയതും അടുത്തിടെയാണ്. ജില്ലയിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞ ജീവനുകളുടെ കണക്കാകട്ടെ,​ ആരെയും ഞെട്ടിപ്പിക്കുന്നതും. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ പലരും രക്ഷപ്പെടുന്നത്.

കഴിഞ്ഞ ഒരുമാസത്തിനിടെ ദേശീയപാതയിൽ തോട്ടപ്പള്ളിക്കും കളർകോടിനും ഇടയിൽ മാത്രം നിരവധി അപകടങ്ങളാണ് ഉണ്ടായത്. അലക്ഷ്യമായി സ്ഥാപിച്ചിരുന്ന സംരക്ഷഭിത്തിയിൽ തട്ടി ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ്. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ടുമുമ്പാണ് ഇതേസ്ഥലത്ത് കാർ സംരക്ഷണഭിത്തിയിൽ ഇടിച്ച് തകർന്നത്.

പുന്നപ്ര മാർക്കറ്റിന് സമീപത്തെ അടിപ്പാതയോട് ചേർന്ന് കെ.എസ്.ആ.ടി.സി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചതും ആഴ്ചകൾക്ക് മുമ്പാണ്.

ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിൽ സ്വകാര്യബസ് യാത്രക്കാരെ ഇറക്കുന്നതിനിടെ മറികടക്കാൻ ഇടമില്ലാതെ,​ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇൻസുലേറ്റഡ് ലോറി ഇടിച്ചതും പിന്നാലെ വന്ന നാലോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടതും അടുത്തിടെയാണ്.

വില്ലനായി സംരക്ഷണഭിത്തികൾ

1.ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ സംരക്ഷണഭിത്തികളാണ് ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലെ പ്രധാന വില്ലൻ.

ബസുകൾ ഉൾപ്പടെ സംരക്ഷണ ഭിത്തിയിലിടിച്ച് അപകടത്തിൽപ്പെടുന്നത് പതിവാണ്

2.രാത്രിയിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. വെളിച്ചക്കുറവാണ് പല ഭാഗത്തെയും പ്രശ്നം. വാഹനങ്ങൾ വഴിമാറ്റിവിടുന്ന പല സ്ഥലങ്ങളിലും ദിശാസൂചനകളോ,​ ഡിമ്മർലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല

3.സർവീസ് റോഡുകൾ തകർന്നുകിടക്കുന്നതും വീതിയില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എട്ട് മീറ്റർ മാത്രം വീതിയുള്ള സർവീസ് റോഡിലെ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവും യാത്രക്കാർക്ക് വെല്ലുവിളിയാകുന്നുണ്ട്

4.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള കുഴിയെടുപ്പിൽ പൈപ്പ് ലൈൻ പൊട്ടുന്നത് പതിവാണ്. ദിവസങ്ങൾ കഴിഞ്ഞാണ് പലപ്പോഴും ഇവ പരിഹരിക്കപ്പെടാറ്. ഇത് സ്ഥിരമായ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നുണ്ട്

അപകടസാദ്ധ്യയുള്ള പല പ്രദേശങ്ങളിലും രാത്രിയിൽ വെളിച്ചക്കുറവുണ്ട്. ഇത് പരിഹരിച്ചാൽ തന്നെ വലിയൊരുപരിധി വരെ അപകടങ്ങൾ കുറയ്ക്കാനാകും

- യാത്രക്കാരൻ