ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം: കൂടെ താമസിച്ചിരുന്ന ജോബിൻ അറസ്റ്രിൽ
ആറ്റിങ്ങൽ: ഒപ്പം താമസിച്ച യുവതിയെ ലോഡ്ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ലോഡ്ജ് മാനേജരായ പ്രതി അറസ്റ്റിൽ. കാർത്തികപ്പള്ളി ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ഭാഗത്ത് സി.എം.എസ് സ്കൂളിന് സമീപം ജെ.പി കോട്ടേജിൽ ജോബിൻ ജോർജ് (32,റോയി) ആണ് പിടിയിലായത്. ട്രെയിനിൽ മംഗലാപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ആറ്റിങ്ങൽ പൊലീസ് കോഴിക്കോട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
കോഴിക്കോട് വടകര സ്വദേശി അസ്മിനയെ (38) ബുധനാഴ്ചയാണ് ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ലോഡ്ജിലെത്തിയ അസ്മിനയെ തന്റെ ഭാര്യയെന്നു പറഞ്ഞാണ് മുറിയിൽ താമസിപ്പിച്ചത്. രാത്രിവൈകി ഇരുവരും മദ്യപിച്ചശേഷം വഴക്കിട്ടിരുന്നു. അസ്മിനയുടെ മറ്റൊരു വിവാഹത്തിലുള്ള മകളെ കാണാൻ പോകുന്നത് ജോബിൻ നിരസിച്ചതിന്റെ പേരിലായിരുന്നു വഴക്ക്. ജോബിൻ വഴക്കിനിടെ മദ്യക്കുപ്പിയെടുത്ത് അസ്മിനയുടെ തലയ്ക്കടിച്ചു. പിടിവലിയ്ക്കിടെ പലതവണ അസ്മിനയുടെ ശരീരത്തിൽ കുത്തി പരിക്കേല്പിച്ചു. ബോധം നഷ്ടപ്പെട്ടുകിടന്ന യുവതിയെ ബെഡ്ഷീറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
മരണം ഉറപ്പാക്കിയശേഷം മുറിപൂട്ടി അസ്മിനയുടെ ഫോണും രക്തംപുരണ്ട വസ്ത്രങ്ങളുമായി ജോബിൻ ബുധനാഴ്ച പുലർച്ചെ ലോഡ്ജ് വിട്ടു. പുറത്തിറങ്ങിയശേഷം വസ്ത്രങ്ങൾ റോഡിൽ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതുവഴിപോയ ഒരാൾ കണ്ടതോടെ വീണ്ടും അതേല്ലാമെടുത്ത് സ്ഥലംവിട്ടു. പിന്നീട് ഇവ മറ്റൊരുസ്ഥലത്ത് ഉപേക്ഷിച്ചു.
ബുധനാഴ്ച രാവിലെ 10 മണി കഴിഞ്ഞിട്ടും ജോബിനെ കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാർ ജനൽ വഴി നോക്കിയപ്പോഴാണ് യുവതി മരിച്ചനിലയിൽ കട്ടിലിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസെത്തി കതകുതുറന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളും വസ്ത്രങ്ങളിലും റൂമിന്റെ ചുവരുകളിലും രക്തത്തിന്റെ പാടുകളും കണ്ടെത്തി. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. അസ്മിനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അതിനിടെ, ജോബിന്റെ ഇടതുകൈയിൽ ആഴത്തിൽ പരിക്കേറ്റിരുന്നു. പൊലീസിന്റെ പിടിയിലായശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് മുറിവിൽ 6 തുന്നലിട്ടു. വഴക്കിനിടെ അസ്മിന വെട്ടിയെന്നാണ് ജോബിൻ പൊലീസിനോട് പറഞ്ഞത്.
സംയുക്തനീക്കം പ്രതിയെ പിടികൂടി
ജോബിൻ മംഗലാപുരം ഭാഗത്തേക്ക് ട്രെയിനിൽ യാത്രചെയ്യുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ്, കോഴിക്കോട് ടൗൺ സ്ക്വാഡും റെയിൽവേ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. സി.സി ടിവികൾ പരിശോധിച്ചതിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ ജോബിന്റെ ദൃശ്യം കണ്ടെത്തിയിരുന്നു. കായംകുളം വരെ ബസിലെത്തിയ ഇയാൾ അവിടെ നിന്നാണ് ട്രെയിനിൽ കയറിയത്. പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങിയെങ്കിലും അടുത്ത ട്രെയിൽ കയറുന്നതിനായി പരിസരത്തുതന്നെ തങ്ങുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് ടൗൺ സ്ക്വാഡ് ഇയാളെ പിടികൂടിയത്. തൊട്ടുപിന്നാലെ ഡിവൈ.എസ്.പി എസ്.മഞ്ജുലാലിന്റെയും എസ്.എച്ച്.ഒ ജെ.അജയന്റെയും നിർദ്ദേശപ്രകാരം ആറ്റിങ്ങൽ സ്റ്റേഷനിലെ എസ്.ഐമാരായ എം.എസ്.ജിഷ്ണു,പ്രദീപ്,എ.എസ്.ഐ ബൈജു, പ്രദീപ്,സി.പി.ഒ വിജേഷ് എന്നിവരെത്തി പ്രതിയെ ഏറ്റുവാങ്ങി. ജോബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.