സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ തേടി പൊലീസ്

Friday 24 October 2025 1:18 AM IST

വെമ്പായം: സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ തേടി പൊലീസ്. ആലങ്കോട്, വഞ്ചിയൂർ സ്വദേശിയാണ് സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതെന്ന് സി.സി.ടിവിയിൽ തെളിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വെമ്പായം പഞ്ചായത്ത് ഓഫീസിലെത്തിയ ഇയാൾ ഇരുചക്രവാഹനത്തിൽ നിന്നും 50,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. വെമ്പായം പഞ്ചായത്ത് തൊഴിലുറപ്പ് എ.ഇ വിഷ്ണുവിന്റെ ഫാസിനോ സ്കൂട്ടറിൽ നിന്നാണ് പണം മോഷ്ടിച്ചത്. ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലെത്തിയ പ്രതി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാർക്കിംഗിലേക്ക് പോകുന്നതും വാഹനങ്ങൾ പരിശോധിക്കുന്നതും സി.സി.ടി.വിയിൽ വ്യക്തമാണ്. തുടർന്ന് ഇയാൾ പണം നഷ്ടപ്പെട്ട വാഹനത്തിന്റെ സമീപത്തെത്തി സീറ്റിന് താഴെ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. പുനലൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വനിതാ കൗൺസിലറുടെ ബാഗ് മോഷ്ടിച്ച കേസിലും പ്രതിയായ ഇയാൾ പുളിമാത്ത് പഞ്ചായത്തിലും മോഷണം നടത്തിയതായി വട്ടപ്പാറ പൊലീസ് പറഞ്ഞു. ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.