സഹോദയ ജില്ലാ കലോത്സവത്തിന് തുടക്കം : കലോത്സവ വേദികൾ, മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇടങ്ങൾ : കെ.രാധാകൃഷ്ണൻ
ചെറുതുരുത്തി: മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് കലോത്സവ വേദികളെന്ന് ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ. തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് ആറ്റൂർ അറഫ സ്‌കൂളിൽ സംഘടിപ്പിച്ച കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള കലോത്സവങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. വ്യത്യസ്ത മേഖലയിലുള്ള കുട്ടികൾക്ക് ഒത്തുചേരാനുള്ള ഇടമാണ് കലോത്സവങ്ങൾ. അവിടെ ജാതിയോ മതമോ വ്യത്യസ്ത ജീവിത രീതികളോ ഒന്നും തടസമല്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും നമുക്ക് കാണാനാകാത്ത, ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി മനുഷ്യനാണ് വലുത് എന്ന കാഴ്ചപ്പാടോടെ ഒരുമിച്ചു കൂടാൻ പറ്റുന്ന നല്ല ഇടമാണ് കലോത്സവങ്ങളെന്നും അദ്ദേഹം പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 75 സ്‌കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ 147 ഇനങ്ങളിലായി മാറ്റുരയ്ക്കും. തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് ഡോ.ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ഡോ.ബി.ആനന്ദകൃഷ്ണൻ മുഖ്യാതിഥിയായി. അറഫാ ചാരിറ്റബിൾ ട്രസ്റ്റ് ജന.സെക്രട്ടറി കെ.എസ്.ഹംസ കലോത്സവ സന്ദേശം കൈമാറി. പി.എം.അബ്ദുള്ള ലത്തീഫ്, കെ.എം.മുഹമ്മദ്, സഹോദയ വൈസ് പ്രസിഡന്റ് പി.എച്ച്.സജീവ് കുമാർ, ബാബു കോയിക്കര, ഐ.ടി.മുഹമ്മദ് അലി, വസന്ത മാധവൻ, ഷമീം ബാവ തുടങ്ങിയവർ സംസാരിച്ചു.
ദേവമാത മുന്നിൽ
ആദ്യ ദിനം 189 പോയിന്റുമായി ദേവമാത സി.എം.ഐ. പബ്ലിക്ക് സ്‌കൂൾ മുന്നിൽ. 140 പോയിന്റ് നേടിയ ഐ.ഇ. എസ് പബ്ലിക്ക് സ്‌കൂൾ രണ്ടാമതും 138 പോയിന്റ് നേടിയ പാറമേക്കാവ് വിദ്യാമന്ദിർ തൃശൂർ മൂന്നാം സ്ഥാനത്തുമുണ്ട്. സി.എസ്.എം. സെട്രൽ സ്‌കൂൾ (122), നിർമല മാത സെൻട്രൽ സ്‌കൂൾ തൃശൂർ(122), ചിൻമയ വിദ്യാലയം കോലഴി (121) ,ലെമർ പബ്ലിക്ക് സ്‌കൂൾ (119) പോയിന്റും നേടി.
സഹോദയ കലോത്സവത്തിൽ സഹോദരികൾക്ക് മികച്ച വിജയം
ചെറുതുരുത്തി: ആറ്റൂർ അറഫ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കുന്ന തൃശൂർ സഹോദയ കലോത്സവം 2025ൽ അറബിക് പദ്യപാരായണ മത്സരത്തിൽ ചിറ്റിലപ്പിള്ളി പബ്ലിക് സ്കൂളിലെ സഹോദരികളായ വിദ്യാർത്ഥിനികൾ മികച്ച നേട്ടം നേടി. ഇന്നലെ നടന്ന അറബിക് പദ്യപാരായണ മത്സരത്തിൽ ചിറ്റിലപ്പിള്ളി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനികളായ റിദ അബ്ദുൽ കരീം (കാറ്റഗറി 4) ഒന്നാം സ്ഥാനം നേടി. അതേ ഇനത്തിൽ സഹോദരി സമീഹ അബ്ദുൽ കരീം (കാറ്റഗറി 2)ലും ഒന്നാം സ്ഥാനത്തെത്തി. വിദ്യാർത്ഥിനികളുടെ വിജയത്തിന് പിന്നിൽ അദ്ധ്യാപിക ഫൗസിയയുടെ പരിശീലനവും മാർഗനിർദ്ദേശവുമാണ്. പുറനാട്ടുകര സ്വദേശികളായ അബ്ദുൽ കരീം കെ.പി.യുടെയും- റഷീദ ബാനുന്റെയും മക്കളാണ്.