40,000 രൂപയുടെ കള്ളനോട്ട് പിടികൂടി : യുവതി അറസ്റ്റിൽ

Friday 24 October 2025 1:34 AM IST

കേച്ചേരി: തൃശൂർ കേച്ചേരിയിൽ 40,000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ മഞ്ചേരി പാറക്കുളം ഷാന (35) അറസ്റ്റിൽ. പെട്രോൾപമ്പിൽ 500ന്റെ വ്യാജ നോട്ട് നൽകിയ ഷാനയെ ജീവനക്കാരി തിരിച്ചറിയുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെട്രോൾ അടിക്കാനെത്തിയ ഷാനയുടെ കൈയിൽ നിന്നാണ് 500ന്റെ കള്ളനോട്ട് കേച്ചേരിയിലെ പമ്പ് ജീവനക്കാർ തിരിച്ചറിയുന്നത്. തിരിച്ചറിഞ്ഞെന്ന് മനസിലായതോടെ പണം പിടിച്ചുവാങ്ങി ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. ജീവനക്കാർ ബൈക്കിന്റെ ഫോട്ടോയെടുത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ കേച്ചേരി പുതുവീട്ടിൽ ജാബിറിന്റെ (31) വീട്ടിൽ നിന്ന് കുന്നംകുളം പൊലീസ് പിടിച്ചെടുക്കുന്നത്. ഒന്നാംപ്രതി ജാബിറിന്റെ സഹോദരന്റെ ഭാര്യയാണ് ഷാന. വീട്ടിൽ നിന്ന് കള്ളനോട്ടും, ഇത് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും എ ഫോർ ഷീറ്റും പിടിച്ചെടുത്തു. വിദേശത്ത് നിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ ജാബിറിനെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. അതേസമയം, പൊലീസ് റെയ്ഡിന് വരുന്ന വിവരം ജാബിറിന് ചോർന്നു കിട്ടിയതിനാലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന ഗുരുതരമായ ആക്ഷേപം പൊലീസിനെതിരെയും ഉയരുന്നുണ്ട്.