യുവാവിന് നേരെ വധശ്രമം: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
പുന്നയൂർക്കുളം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപ്രതികൾ പിടിയിൽ. മന്ദലാംകുന്ന് സ്വദേശികളായ പുതുപാറക്കൽ വീട്ടിൽ ഹുസൈൻ (48), തേച്ചൻപുരയ്ക്കൽ വീട്ടിൽ ഉമ്മർ (44) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ എം.കെ.രമേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്തംബർ നാലിന് രാത്രിയാണ് മന്ദലാംകുന്ന് സെന്ററിലുള്ള ലങ്ക കഫേയ്ക്ക് സമീപം എടയൂർ സ്വദേശി സവാദിന് കുത്തേറ്റത്. മുൻപൊരിക്കൽ വിവാഹ വീട്ടിൽ വെച്ച് പ്രതികൾ വഴക്കുണ്ടാക്കിയത് സംബന്ധിച്ച തർക്കം സവാദ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. തുടർന്ന് കേസിലെ മൂന്ന് പ്രതികളും ഒളിവിൽ പോയി. ഈ കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായ ഹുസൈനും, ഉമ്മറും.
രണ്ടാം പ്രതി മജീദ് വിദേശത്തേക്ക് ഒളിവിൽ പോയി. മജീദിനെ വിദേശത്ത് കടത്താൻ സഹായിച്ച സംഭവത്തിൽ അണ്ടത്തോട് ബീച്ച് കൊപ്പര വീട്ടിൽ മുജീബിനെ നേരത്തെ നാലാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹുസൈൻ, ഉമ്മർ എന്നിവർ വയനാട് ഒളിവിൽ കഴിയുന്ന വിവരത്തെ തുടർന്ന് വടക്കേക്കാട് എസ്.ഐ ഗോപിനാഥൻ, എ.എസ്.ഐ രാജൻ, സി.പി.ഒ പ്രദീപ്, രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ സംഘത്തിലെ സി.പി.ഒ റെജിൻ, കൃഷ്ണപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.