ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയിൽ
കരുനാഗപ്പള്ളി: വില്പനക്കായി സൂക്ഷിച്ചിരുന്ന 34.789 ഗ്രാം ബ്രൗൺ ഷുഗറും 0.662 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ ലാൽചൻബാഡ്സ (25) നെ കരുനാഗപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊതു വിപണിയിൽ ഏകദേശം 1.75 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 6280 രൂപയും കണ്ടെടുത്തു. കുലശേഖരപുരം കൊച്ചാലുംമൂട് ഭാഗത്ത് എക്സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ലത്തീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ രഘു, സി.ഇ.ഒമാരായ കിഷോർ, അജയഘോഷ്, ഗോഡ്‌വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ്.ഗോപനാഥ്, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.