എം.പി ഫണ്ടിൽ, കോർപ്പറേഷനിൽ വികസനം വരുന്നു...
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എം.പി ഫണ്ടിനോട് മുഖം തിരിച്ച കോർപറേഷൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. തൃശൂർ കോർപറേഷനിൽ സമർപ്പിച്ച കോടികളുടെ വികസന പദ്ധതികൾ ഇതുവരെ നടപ്പിലാക്കിയില്ലെന്ന വാർത്ത കഴിഞ്ഞദിവസം 'കേരള കൗമുദി ' പുറത്തുവിട്ടതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 13 പദ്ധതികൾക്ക് അനുവദിച്ച തുകയുടെ കാര്യത്തിൽ കോർപറേഷൻ തുടർനടപടി സ്വീകരിച്ചിരുന്നില്ല. 12.3 കോടിയുടെ പദ്ധതികളാണ് സമർപ്പിച്ചത്. ജനറൽ ആശുപത്രിയിൽ മോഡേൺ ബോറട്ടറിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 33 ലക്ഷം നീക്കിവച്ചിരുന്നു. എം.പി ഫണ്ട് അനുവദിച്ച വിവരം മേയർ അടക്കമുള്ളവർ അറിഞ്ഞിരുന്നില്ലെന്നാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എം.പി ഫണ്ട് വിനിയോഗിക്കുന്നത് മൂടിവച്ചതെന്ന് ബി.ജെ.പി ആക്ഷേപം ഉന്നയിച്ചിരുന്നു. തുടർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഉപരോധവും കൗൺസിൽ ഹാളിൽ പ്രതിഷേധവും ഉയർന്നു. കൂടാതെ കഴിഞ്ഞദിവസം ബി.ജെ.പി നേതാക്കൾ മേയറെ സന്ദർശിച്ചിരുന്നു. മേയർ ബി.ജെ.പിയോട് അടുക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വികസനം, പൂങ്കുന്നത്ത് പള്ളിയിൽ ലൈനിൽ ഫുട്പാത്ത് നിർമ്മിക്കൽ, നന്ദനം ഓഡിറ്റോറിയത്തിന് സമീപം റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, പൂങ്കുന്നം ഹരിത നഗർ, ആശ്രാമം ലൈൻ തുടങ്ങിയ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങി വിവിധ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. പല പഞ്ചായത്തുകളും ഈ ഫണ്ട് ചെലവഴിച്ചിട്ടില്ല.
അനുവദിച്ച പ്രധാന പദ്ധതികൾ
ജനറൽ ആശുപത്രിക്ക് ബോറട്ടറി 33 ലക്ഷം അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് 23.5 ലക്ഷം നന്ദനം ഓഡിറ്റോറിയത്തിന് മുന്നിൽ ഫ്‌ളഡ് ലൈറ്റ് 1 ലക്ഷം പൂങ്കുന്നം പള്ളിയിൽ ഫുട്പാത്ത് നവീകരണം 9.45 ലക്ഷം പൂങ്കുന്നം ഹരിത നഗർ ഹൈമാസ്റ്റ് ലൈറ്റ് 9.94 ലക്ഷം മിഷൻ ക്വാർട്ടേഴ്‌സ് ഡിവിഷനിൽ മിനി മാസ്റ്റ് 4 ലക്ഷം സിവിൽ സ്റ്റേഷൻ മേഖലയിൽ ഹൈമാസ്റ്റ് ലൈറ്റ് 9.94 ലക്ഷം ഉദയനഗർ എ.കെ.ജി നഗറിൽ മിനി മാസ്റ്റ് 4 ലക്ഷം ദേവി നഗർ, വൈദ്യുതി ഭവൻ പരിസരം, വാരിയം ലൈൻ മിനി മാസ്റ്റ് 3 ലക്ഷം