 കാഴ്ചയെടുത്ത് 'കളിപ്പാട്ടം' കാർബൈഡ് തോക്ക് ഉപയോഗിച്ച 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു

Friday 24 October 2025 12:56 AM IST

ഭോപ്പാൽ: കാഴ്ചയിൽ കളിപ്പാട്ടം പോലെയാണെങ്കിലും ഉപയോഗിച്ചാൽ ബോംബ് പോലെ പൊട്ടിത്തെറിക്കും. ഉഗ്രശബ്ദവും സ്ഫോടനവും. പ്രാദേശികമായി 'ദേശി ഫയർക്രാക്കർ ഗൺ" എന്നറിയപ്പെടുന്ന കാർബൈഡ് തോക്ക് ഉപയോഗിച്ച് 14 കുട്ടികളുടെ കാഴ്ച നഷ്ടപ്പെട്ടു. മദ്ധ്യപ്രദേശിലാണ് സംഭവം. വിദിഷ ജില്ലയിലാണ് ഏറ്റവും ബാധിച്ചത്. മദ്ധ്യപ്രദേശിലുടനീളം മൂന്ന് ദിവസത്തിനിടെ 120ലധികം കുട്ടികളുടെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ചിലർ ഐ.സി.യുവിലാണ്. അനധികൃതമായി കാർബൈഡ് തോക്ക് വിറ്റ ആറ് കച്ചവടക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെല്ലാം ആശുപത്രികളിലെ നേത്രവിഭാഗം കുട്ടികളെ കൊണ്ട് നിറഞ്ഞു. ഇത് കളിപ്പാട്ടമല്ലെന്നും സ്‌ഫോടകവസ്തുവാണെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കളിത്തോക്ക് പോലൊരു വസ്തുവാണിത്. ദീപാവലിക്ക് വൻ ഇറക്കുമതി നടന്നത്. എന്നാൽ കാർബൈഡ് ഗൺ അപകടകരമാണെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധനവും പുറപ്പെടുവിച്ചു. എന്നാൽ ഇത് മറികടന്ന് പണികളിൽ കാർബൈഡ് ഗൺ വൻതോതിൽ വിറ്റഴിച്ചു. കളിപ്പാട്ടം പോലെ തോന്നുന്നതിനാൽ പലരും കുട്ടികൾക്ക് വാങ്ങിനൽകി. യാതൊരു സുരക്ഷയും പാലിക്കാതെയാണ് ഇവ വിൽപ്പനയ്ക്ക് എത്തിക്കുന്നതെന്നും ജാഗ്രത പുലർത്തണമെന്നും പൊലീസ് പറയുന്നു. കാർബൈഡ് ഗൺ വിൽക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

ബാധിക്കുന്നത്

റെറ്റിനയെ

 150 മുതൽ 200 രൂപ വരെയാണ് വില

 പൊട്ടിത്തെറിയിൽ ചെറു ലോഹ കഷണങ്ങളും കാർബൈഡ് വാതകവും പുറന്തള്ളപ്പെടും. ഇത് കണ്ണിന്റെ റെറ്റിനയെ കരിച്ചുകളയും

 പ്ലാസ്റ്റിക്, ടിൻ പൈപ്പ്, വെടിമരുന്ന്, കാത്സ്യം കാർബൈഡ് തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം

 അപകടകരമായ രീതിയിൽ വാതകം പുറന്തള്ളുകയും തീയാളുകയും ചെയ്യും. ഇത് മുഖത്തടക്കം പരിക്കേൽപ്പിക്കും