നിർണായകം മഗധ് - ഭോജ്പൂർ മേഖല

Friday 24 October 2025 12:57 AM IST

എൻ.ഡി.എയ്‌ക്ക് ബീഹാറിൽ അധികാരം നിലനിറുത്താനും മഹാമുന്നണിക്ക് ഭരണം പിടിക്കാനും മഗധ്, ഭോജ്പൂർ മേഖലകളിലെ വോട്ടുകൾ നിർണായകമാകും. 2020ലെ തിരഞ്ഞെടുപ്പിൽ, മഗധ്-ഭോജ്പൂർ മേഖല മഹാമുന്നണിക്കൊപ്പമായിരുന്നു. അതിനാൽ എൻ.ഡി.എ ഇക്കുറി ഇവിടെ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്നു.

243 അംഗ ബീഹാർ നിയമസഭയിലെ 69 സീറ്റുകൾ മഗധ്, ഭോജ്പൂർ മേഖലയിലാണ്. അർവാൾ, ജഹാനാബാദ്, ഔറംഗാബാദ്, ഗയ, നവാഡ ജില്ലകൾ ഉൾപ്പെടുന്ന മഗധ് മേഖലയിലെ 26 സീറ്റുകളിൽ 2015 ൽ എൻ‌.ഡി‌.എ നേടിയത് വെറും ആറെണ്ണം. അന്ന് നിതീഷ് കുമാറും ജെ.ഡി.യുവും ആർ‌.ജെ‌.ഡി-കോൺഗ്രസ് സഖ്യത്തിനൊപ്പമായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മേഖലകളിൽ മുന്നിലെത്തി. പക്ഷേ പിന്നാലെ നടന്ന 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഈ മണ്ഡലങ്ങളിൽ കണ്ടത് മഹാമുന്നണിയുടെ ആധിപത്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഗയയിൽ 12,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത് മഗധ് മേഖലയുടെ പ്രാധാന്യം മുന്നിൽ കണ്ടാണ്. മേഖലയിൽ സ്വാധീനമുള്ള ഭോജ്പുരി താരം പവൻ സിംഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു. ഇദ്ദേഹം അകന്നുനിന്നത് രജപുത്ര വോട്ടുകൾ വിഭജിക്കാൻ കാരണമായിരുന്നു. ഷഹാബാദ്, ഭോജ്പൂർ മേഖലകളിൽ, പവൻ സിംഗിന് സവർണ വിഭാഗത്തെയും യുവാക്കളെയും ആകർഷിക്കാനാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഗയ സദറിൽ നിന്ന് എട്ട് തവണ ജയിച്ച ഡോ. പ്രേം കുമാർ, വാരിസലിഗഞ്ചിൽ നിന്ന് നാല് തവണ എം.എൽ.എയായ അരുണ ദേവി എന്നിവർ ബി.ജെ.പിയിലെത്തി.

ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര മഗദ് മേഖലയ്‌ക്ക് ഏറെ പ്രാധാന്യം നൽകി. മുൻപ് തേജസ്വി ഒറ്റയ്‌ക്ക് ഇവിടെ യാത്ര നടത്തിയിരുന്നു. ആർ‌.ജെ‌.ഡിയിൽ ചേർന്ന മുൻ ജെ.ഡി.യു എം.പി ജഗദീഷ് ശർമ്മയുടെ മകൻ രാഹുൽ ശർമ്മ, ബങ്കയിൽ നിന്നുള്ള ജെ.ഡി.യു എം.പി ഗിർധാരി യാദവിന്റെ മകൻ ചാണക്യ പ്രകാശ്, മുൻ എൽ‌.ജെ‌.പി സ്ഥാനാർത്ഥി അജയ് കുശ്‌വാഹ എന്നിവർ മഗധ് മേഖലയിൽ സ്വാധീനമുള്ളവരാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പരിഷ്‌കരണത്തെ തുടർന്ന് മഗധ് മേഖലയിൽ 1.6 ലക്ഷം പുതിയ വോട്ടർമാർ വന്നു ( 2.6 ശതമാനം വർദ്ധന). ഏകദേശം 65 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടു.