ബിഹാർ മഹാസഖ്യത്തിൽ ആർ.ജെ.ഡി ആധിപത്യം #തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു. അതേസമയം, മുന്നണിയിലെ ഓരോ കക്ഷിയും എത്ര സീറ്റ് പങ്കിടുമെന്ന് വ്യക്തമാക്കിയില്ല.
വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച അനുകൂല തരംഗം തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തേജസ്വിയും സംയുക്ത റാലി നടത്തും. 28ന് മുന്നണി പ്രകടന പത്രിക പുറത്തിറക്കും. പാട്‌നയിൽ മഹാമുന്നണിയുടെ സംയുക്ത പത്രസമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിനുശേഷം ഉപമുഖ്യമന്ത്രിയായി മറ്റു നേതാക്കളെയും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേജസ്വി ഊർജ്ജസ്വലനായ യുവ നേതാവാണെന്നും പ്രതീക്ഷകൾ നിറവേറ്റുമെന്നുമെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.
സീറ്റ് വിഭജന ചർച്ചകളിലെ പ്രധാന തർക്കം തിരഞ്ഞെടുപ്പിന് മുമ്പ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആർ.ജെ.ഡി ആവശ്യം കോൺഗ്രസ് അംഗീകരിക്കാത്തതായിരുന്നു. കഴിഞ്ഞദിവസം ഗെലോട്ട് ആർ.ജെ.ഡി നേതാക്കളായ ലാലു പ്രസാദ്, തേജസ്വി എന്നിവരുമായി നടത്തിയ ചർച്ചയിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി.
സീറ്റ് ധാരണ സംബന്ധിച്ച പ്രഖ്യാപനമാണ് പ്രതീക്ഷിച്ചതെങ്കിലും
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സംയുക്ത പത്രസമ്മേളനമാണ് നടത്തിയത്. തേജസ്വി, കോൺഗ്രസ് നേതാക്കളായ ഗെലോട്ട്, പവൻ ഖേര, സംസ്ഥാന അദ്ധ്യക്ഷൻ രാജേഷ് റാം, കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലുവരു, വി.ഐ.പി നേതാവ് മുകേഷ് സഹാനി, സി.പി.ഐ (എം-എൽ) എൽ നേതാവ് ദീപങ്കർ ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു. വാർത്താ സമ്മേളന വേദിയിൽ സ്ഥാപിച്ച ബാനറിൽ മഹാസഖ്യത്തിലെ മറ്റു നേതാക്കളെ അവഗണിച്ച് തേജസ്വിയുടെ ചിത്രം മാത്രം പതിച്ചതിനെ ബി.ജെ.പി പരിഹസിച്ചു.
നിതീഷിന്റെ അവസാന
തിരഞ്ഞെടുപ്പ്: തേജസ്വി
മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൻ.ഡി.എ മൗനം പാലിക്കുകയാണെന്ന് തേജസ്വി പറഞ്ഞു.
ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ ഒതുക്കാനാണ് അവരുടെ ശ്രമം. തിരഞ്ഞെടുപ്പിന് ശേഷം എം.എൽ.എമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന അമിത് ഷായുടെ പ്രസ്‌താവന അതുറപ്പിക്കുന്നു. ഇത് നിതീഷിന്റെ അവസാന തിരഞ്ഞെടുപ്പാണ്. ജെ.ഡി.യു നേതാക്കൾ പാർട്ടിയെ ഇല്ലാതാക്കാൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ബി.ജെ.പിയുടെ ഇ.ഡി, സി.ബി.ഐ ഭീഷണികളിൽ വഴങ്ങില്ലെന്നും ബിഹാറിൽ ഭരണത്തിലെത്തിയാൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും തേജസ്വി പറഞ്ഞു.