പൊലീസുമായി ഏറ്റുമുട്ടൽ, ഡൽഹിയിൽ 4 ഗുണ്ടകളെ വെടിവച്ചുകൊന്നു

Friday 24 October 2025 1:00 AM IST

ന്യൂഡൽഹി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് ഗുണ്ടകളെ ഡൽഹി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ പുലർച്ചെ 2.20ന് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ബീഹാറിൽ നിന്നുള്ള കുപ്രസിദ്ധമായ 'സിഗ്മാ ഗ്യാങ്ങി'ലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഡൽഹി പൊലീസും ബീഹാർ പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനായിരുന്നു ഇത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി ഗുണ്ടാസംഘം പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് തിരികെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രോഹിണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരും മരിച്ചു. രഞ്ജൻ പഥക് (25), ബിംലേഷ് മഹ്‌തോ (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക് ആയിരുന്നു സിഗ്മാ ഗ്യാങ്ങിന്റെ നേതാവ്. സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും പൊലീസിനെ നിരന്തരം വെല്ലുവിളിച്ചിരുന്ന ഇയാളെ പിടികൂടുന്നവർക്ക് ബീഹാർ സർക്കാർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തകർത്തത് 'സിഗ്മാ ഗ്യാങ്'

ബീഹാറിലുടനീളം വ്യാപിച്ച ക്രിമിനലുകളുടെ ശൃംഖലയായിരുന്നു സിഗ്മാ ഗ്യാങ്. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങി നിരവധി ക്രമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ബീഹാർ പൊലീസിൽ നിന്ന് രക്ഷപ്പെടാനാണ് സംഘം ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ട്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു.