ആസിയാൻ: മോദി നേരിട്ട് പങ്കെടുക്കില്ല
ന്യൂഡൽഹി: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ 26 മുതൽ 28 വരെ നടക്കുന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാകും പങ്കെടുക്കുക. പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ക്വാലാലംപൂരിലെത്തും.
മോദി നേരിട്ട് പോകാത്തതിനാൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് ഉറപ്പായി. യു.എസുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇരുവരും ക്വാലാലംപൂരിൽ കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്‌ച ട്രംപ് പങ്കെടുത്ത ഈജിപ്റ്റിലെ ഗാസ സമാധാന ചർച്ചയിലും ക്ഷണമുണ്ടായിട്ടും മോദി പങ്കെടുത്തില്ല.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി 22-ാമത് ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസിയാൻ നേതാക്കളും സംയുക്തമായി അവലോകനം ചെയ്യും. തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളും ചർച്ചയാകും.