ചൈനയിൽ സൈനിക തലപ്പത്ത് അഴിച്ചുപണി

Friday 24 October 2025 7:32 AM IST

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ വിശ്വസ്തൻ ജനറൽ ഷാംഗ് ഷെങ്മിനെ സെൻട്രൽ മിലിട്ടറി കമ്മിഷന്റെ വൈസ് ചെയർമാനായി നിയമിച്ചു. ഷീ ജിൻപിംഗിന് ശേഷം സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന പദവിയാണ് ഷാംഗിന്റേത്. അഴിമതി ആരോപണത്തെ തുടർന്ന് മുൻ വൈസ് ചെയർമാൻ ഹെ വെയ്‌ഡോംഗിനെയും മറ്റ് എട്ട് മുതിർന്ന ഉദ്യോഗസ്ഥരെയും പുറത്താക്കിയ സാഹചര്യത്തിലാണ് അഴിച്ചുപണി.

ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) 20-ാം സെൻട്രൽ കമ്മിറ്റിയുടെ നാലാമത് പ്ലീനം ഇന്നലെ സമാപിച്ച പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഷാംഗിന്റെ നിയമനം അറിയിച്ചത്. അതേ സമയം, 15 -ാം പഞ്ചവത്സര പദ്ധതിയുടെ (2026-2030) കരടിന് പ്ലീനത്തിൽ അംഗീകാരം നൽകി.

വർദ്ധിച്ചുവരുന്ന യു.എസ്‌-ചൈന വ്യാപാര സംഘർഷത്തിന്റെ സാഹചര്യത്തിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കരടിൽ ഊന്നൽ നൽകുന്നു.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങൾക്കും പദ്ധതിയിൽ മുൻഗണന നൽകുന്നുണ്ട്. മാർച്ചിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സെഷന്റെ അംഗീകാരം നേടിയ ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിടും.