വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു

Friday 24 October 2025 10:19 AM IST

കോയമ്പത്തൂർ: ഒറ്റയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 25 വയസ് പ്രായമുള്ള ഒറ്റയാനയാണ് ചരിഞ്ഞതെന്നാണ് വിവരം. കോയമ്പത്തൂർ ജില്ലയിലെ തോണ്ടമുത്തൂരിനടുത്ത് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബുധനാഴ്ച രാത്രി കാടിറങ്ങിയ ആന കുപ്പേപ്പാളയത്തിനടുത്തുള്ള രാമൻകുട്ടൈയിലെ കൃഷിയിടത്തിൽ പ്രവേശിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൃഷിയിടത്തിലെ തോട്ടത്തിന്റെ ഓരത്തായി വൈദ്യുതി ബോർഡ് സ്ഥാപിച്ച ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി പോസ്റ്റ് തകർക്കുന്നതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ഇതോടെ നിലത്ത് വീണ ലൈവ് വയറിൽ നിന്നുള്ള ഷോക്കേറ്റ് ആന തൽക്ഷണം ചരിയുകയായിരുന്നു.

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർ‌മാരുടെ സംഘവും ഉടൻ സ്ഥലത്തെത്തി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മാർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. വൈദ്യുതി ലൈനിന്റെ സുരക്ഷയിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.

അടുത്തിടെ മേഖലയിൽ പതിവായി ഉണ്ടാകുന്ന ആനശല്യം നാട്ടുകാർക്കിടയിൽ ഭീതി പരത്തുന്നതിനിടെയാണ് സംഭവം. തോണ്ടമുത്തൂർ വനമേഖലയിൽ ആനകൾ പതിവായി കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടന്നുവരാറുണ്ടെന്നും ഇത് കൃഷിയും മറ്റും നശിപ്പിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജനവാസ മേഖലയിൽ കടന്നുകയറി പരിഭ്രാന്തി സൃഷ്ടിച്ച 'റോലക്സ്' എന്നറിയപ്പെടുന്ന ആനയെ വനംവകുപ്പ് പിടികൂടി മാറ്റിപ്പാർപ്പിച്ചിരുന്നത്.‌ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന വേലികൾ ശക്തിപ്പെടുത്താനും ആനകളുടെ സഞ്ചാരം നിരീക്ഷിക്കാനും വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.