വാഗ്ദേവതാസന്നിധിയിൽ ഉയർന്നുകേട്ടത് പയറ്റിന്റെ ദ്രുത താളം, പങ്കെടുത്തത് എട്ടുമുതൽ 68 വയസുവരെയുള്ളവർ

Friday 24 October 2025 10:29 AM IST

കണ്ണൂർ:കൊല്ലൂർ ശ്രീ മൂകാംബികാസന്നിധിയിൽ വടക്കൻ കേരളത്തിന്റെ തനത് ആയോധനകലയുടെ ചുവടുകളുമായി അൻപത്തിയൊന്നംഗ കളരിപഠിതാക്കൾ.ക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തിന് സമാപ്തി കുറിച്ചു കൊണ്ട് ചാലാട് മണലിലെ അഗസ്ത്യ കളരിയിലെ അംഗങ്ങളാണ് വാഗ്ദേവതാസന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ചത്.

. പെൺകുട്ടികൾ അടക്കം എട്ടു മുതൽ 68 വയസ് വരെയുള്ളവരാണ് പ്രദർശനത്തിൽ പങ്കാളികളായത്.

ഉറുമിയിൽ ഓതിരം, ഒളവ്, പുറവ് എന്നീ നീക്കങ്ങളും നാലു വശങ്ങളും തിരിഞ്ഞുള്ള ചുഴറ്റി വീശലും കൊല്ലൂർ സന്നിധിയിൽ എത്തിയ തീർത്ഥാടകരെ വിസ്മയിപ്പിച്ചു. സൂര്യ നമസ്കാരത്തോടെയാണ് കളരി ആരംഭിച്ചത്. കാൽ സാധകം, ചെറുവടി, കെട്ടുകാരി പയറ്റ്, കഠാര,മെയ് പയറ്റ്,​ വാൾ പയറ്റ്, വാളും പരിചയും,​ ഒറ്റ, ഉറുമിയും പരിചയും ഉറുമി പയറ്റ് എന്നീ ക്രമത്തിലായിരുന്നു അടവുകൾ അവതരിപ്പിച്ചത്. ആദ്യാവസാനം കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു രണ്ടര മണിക്കൂർ നീണ്ട് നിന്ന അവതരണം.

ശാരീരിക പ്രതിരോധ കവചവും മാനസികാരോഗ്യവും നിലനിർത്താമെന്ന സന്ദേശത്തോടെയാണ് കളരിപ്പയറ്റ് അരങ്ങേറിയത്.ശ്രീമൂകാംബിക ദേവസ്വം ദീപാവലി ഫെസ്റ്റിവൽ മാനേജർ കെ.എം ചന്ദ്രൻ ഭദ്രദീപം തെളിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. കളരി ആചാര്യൻ പ്രശാന്ത് അഗസ്ത്യയും സന്നിഹിതനായിരുന്നു.