ഒരു കിലോ തക്കാളിക്ക് 600 രൂപ; പൊറുതിമുട്ടി പാക് ജനത, അഫ്ഗാനിസ്ഥാനുമായി മുട്ടിയത് തിരിച്ചടിയായി

Friday 24 October 2025 10:48 AM IST

കാബൂൾ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ രാജ്യങ്ങളുടെ അതിർത്തി അടച്ചതോടെ ആവശ്യവസ്തുക്കളുടെ അമിതവിലയിൽ വലഞ്ഞ് പാകിസ്ഥാൽ. ദൈനംദിന വസ്തുക്കളായ തക്കാളിയും മറ്റ് വസ്തുക്കളുടെയും വില അഞ്ചിരട്ടിയായി ഉയർന്നതോടെയാണ് ‌ജനങ്ങൾ ദുരിതത്തിലായത്.

2600 കിലോമീറ്റർ അതിർത്തിയിൽ കരയുദ്ധവും, വ്യോമാക്രമണവും നടത്തിയതിന്റെ പിന്നാലെയാണ് ഒക്ടോബർ 11 മുതൽ രാജ്യങ്ങളുടെ അതിർത്തി അടച്ചത്. സംഘർഷാവസ്ഥയിൽ എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ തലവൻ ഖാൻ ജാൻ അലോകോസെ പറഞ്ഞു. ഓരോ ദിവസവും ഇരു വിഭാഗത്തിനും ഏകദേശം ഒരു മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യങ്ങൾ തമ്മിലുള്ള 2.3 ബില്യൺ ഡോളർ വാർഷിക വ്യാപാരത്തിന്റെ ഭൂരിഭാഗവും പഴം, പച്ചക്കറി, ധാതുക്കൾ, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയാണ്. ഇപ്പോൾ തക്കാളിയുടെ വില പാകിസ്ഥാനിൽ 600 രൂപയോളമാണ്. ഏകദേശം 500 കണ്ടെയ്നറുകൾ അതിർത്തിയുടെ ഇരുവശത്തും കെട്ടിക്കിടക്കുകയാണ്. വിപണിയിൽ തക്കാളി, ആപ്പിൾ, മുന്തിരി എന്നിവയ്ക്ക് ഇതിനകം തന്നെ ക്ഷാമമുണ്ടെന്നും അലോകോസെ പറഞ്ഞു. എന്നാൽ പാകിസ്ഥാൻ വാണിജ്യമന്ത്രാലയം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തറിൽ നടത്തിയ ചർച്ചകളിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25ന് ഇസ്താംബൂളിൽ നടക്കും.