പന്നിയുടെ കരൾ മനുഷ്യശരീരത്തിൽ; അവയവമാറ്റത്തിലെ നിർണായക വിജയം
ബീജിംഗ്: പന്നിയുടെ കരൾ മനുഷ്യശരീരത്തിലേക്ക് മാറ്റിസ്ഥാപിച്ചത് അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്തെ വലിയൊരു മുന്നേറ്റമായിരുന്നു. ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് പന്നിയുടെ കരൾ മനുഷ്യ ശരീരത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. 2024 മെയ് 27ന് ചൈനയിലെ അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പന്നിയുടെ കരൾ ശരീരത്തിലേക്ക് സ്വീകരിച്ച 71 വയസുകാരൻ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 171 ദിവസങ്ങൾ അതിജീവിച്ചിരുന്നു. ഈ പരീക്ഷണം വിവിധ ജീവിവർഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ശരീരത്തിലേക്ക് മാറ്റി വയ്ക്കുന്നതിലെ സാദ്ധ്യതകളെപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് വഴിതുറന്നു.
ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, പന്നിയുടെ കരൾ ഒരു സഹായ അവയവമായാണ് 71 കാരനിലേക്ക് മാറ്റി സ്ഥാപിച്ചത്. അതായത്, രോഗിയുടെ കരളിനെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ കരളിന് പിന്തുണ നൽകാനാണ് പന്നിയുടെ കരൾ ഉപയോഗിച്ചത്.
രോഗിയുടെ കരളിന്റെ വലതുഭാഗത്ത് നീക്കം ചെയ്യാനാകാത്ത ഒരു ട്യൂമർ ബാധിച്ചിരുന്നതിനാൽ ശേഷിക്കുന്ന ഭാഗത്തിന് സാധാരണമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യത്തെ 31 ദിവസങ്ങളിൽ ശരീരത്തിലേക്ക് സ്ഥാപിച്ച പന്നിയുടെ കരൾ ഫലപ്രദമായി തന്നെ പ്രവർത്തിച്ചു. പിത്തരസവും മറ്റ് ഘടകങ്ങളും ഉൽപ്പാദിപ്പിക്കുകയും ചെയ്തു. രോഗിയുടെ ശരീരം അത് നിരസിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ, 38-ാം ദിവസം സങ്കീർണതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയായിരുന്നു. മാറ്റിവയ്ക്കപ്പെട്ട കരളിന്റെ ചില ഭാഗങ്ങളിൽ രക്തം കട്ടപിടിച്ചു. ഡോക്ടർമാർ അവ നീക്കം ചെയ്‌തെങ്കിലും പിന്നീട് ആവർത്തിച്ച് രോഗിക്ക് ദഹനനാളത്തിൽ രക്ത സ്രാവം ഉണ്ടാകാൻ തുടങ്ങി. തുടർന്നാണ് 171-ാം ദിവസം മരണം സംഭവിച്ചത്. രോഗിക്ക് മരണം സംഭവിച്ചെങ്കിലും ജനിതകമായ മാറ്റം വരുത്തിയ പന്നിയുടെ കരളിന് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ തെളിവായി ശാസ്‌ത്രജ്ഞന്മാർ ഈ പരീക്ഷണത്തെ വിലയിരുത്തി.
യുനാൻ കാർഷിക സർവകലാശാലയിലെ ഗവേഷകർ പന്നിയുടെ കരൾ 10 ജനിതകമാറ്റ പ്രവർത്തനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ആന്റിബോഡി നിരസിക്കുന്നതിന് കാരണമായ മൂന്ന് പന്നി ജീനുകൾ ശാസ്ത്രജ്ഞർ നീക്കം ചെയ്യുകയും ഏഴ് മനുഷ്യ ജീനുകൾ അതിലേക്ക് ചേർക്കുകയും ചെയ്തു.
'ജനിതകമായി രൂപകൽപ്പന ചെയ്ത പന്നി കരൾ ഒരു മനുഷ്യനിൽ ദീർഘകാലത്തേക്ക് പ്രവർത്തിക്കുമെന്ന് ഈ പരീക്ഷണം തെളിയിക്കുന്നു'-അൻഹുയി മെഡിക്കൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലീഡ് സർജൻ ബീചെങ് സൺ പറഞ്ഞു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികൾക്ക് ഈ മുന്നേറ്റം വലിയ പ്രതീക്ഷയാണ്.
പല വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടും അവയവമാറ്റത്തിൽ നേരിടുന്ന ദീർഘകാല ക്ഷാമം പരിഹരിക്കുന്നതിന് ഒരു നിർണായക നാഴികക്കല്ലാണ് ഈ വിജയം.