ഇന്ത്യൻ അതിർത്തിയിൽ നിർമ്മാണം ശക്തമാക്കി ചൈന, കെട്ടിപ്പൊക്കുന്നത് വ്യോമപ്രതിരോധ  സമുച്ചയം

Friday 24 October 2025 2:22 PM IST

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പാംഗോംഗ് തടാകത്തിന്റെ കിഴക്കൻ ഭാഗത്ത് ചൈന നിർമാണ പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. കമാൻഡ് ആൻഡ് കൺട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹനങ്ങൾക്കുള്ള സൂക്ഷിപ്പുസ്ഥലം, യുദ്ധോപകരണ സംഭരണ ശാലകൾ, റാഡാറുകൾ എന്നിവയെല്ലാമുള്ള വ്യോമപ്രതിരോധ സമുച്ചയമാണ് നിർമാണത്തിലുള്ളതെന്നാണ് റിപ്പോർട്ട്.

പ്രത്യേക രീതിയിൽ നിർമ്മിച്ച മേൽക്കൂരകളാണ് ചില കെട്ടിടങ്ങൾക്ക് ഉള്ളതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. മിസൈൽ വാഹനശേഷിയുള്ള ട്രാൻസ്‌പോർട്ടർ എറെക്ടർ ലോഞ്ചർ (TEL) വാഹനങ്ങൾക്കായി ഈ മേൽക്കൂരകൾ ആവശ്യത്തിനനുസരിച്ച് പിൻവലിക്കാൻ കഴിയും. ചിത്രത്തിൽ ഇത്തരത്തിലുള്ള നിരവധി കെട്ടിടങ്ങൾ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കെട്ടിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് ചൈനയുടെ ഏറ്റവും കരുത്തേറിയ ദീർഘദൂര HQ-9 സർഫസ്-ടു- എയർ മിസൈൽ സംവിധാനങ്ങളാണെന്നാണ് കരുതുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള ജിയാേ ഇന്റലിജൻസ് സ്ഥാപനമായ ആൾസോഴ്സ് അനാലിസിസിലെ ഗവേഷകരാണ് നിർമാണവും കെട്ടിടങ്ങളുടെ പ്രത്യേക രൂപകല്പനയെക്കുറിച്ചും ആദ്യം തിരിച്ചറിഞ്ഞത്. പിൻവലിക്കാൻ കഴിയുന്ന മേൽക്കൂരകളുള്ള കെട്ടിടങ്ങൾക്കുള്ളിൽ ഒരേസമയം രണ്ടുവാഹനങ്ങൾ വരെ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചൈനയുടെ ഇത്തരം നിർമ്മാണങ്ങളെപ്പറ്റിയുളള വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തടാകത്തിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോടികളാണ് ഇതിനായി ചൈന മുടക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഭരണകൂടവും ഇതിന് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകുന്നുണ്ട്.