കുഴപ്പക്കാരൻ വടിയോ പിടിക്കുന്നയാളോ?

Saturday 25 October 2025 3:09 AM IST

വിദ്യാലയങ്ങളിലും വീടുകളിലും കുരുത്തക്കേട് കാണിക്കുന്നവരെ 'തല്ലുകൊള്ളി" എന്നു വിളിച്ചിരുന്ന കാലമുണ്ടായിരുന്നു. അദ്ധ്യാപകരുടെ അടികൊണ്ടതും കിഴുക്ക് മേടിച്ചതുമൊക്കെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. ആ അദ്ധ്യാപകർ സ്നേഹമുള്ളവരായിരുന്നു. നല്ലതു ചെയ്താൽ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. വിദ്യാർത്ഥികളെ അറിയുന്നവരുമായിരുന്നു. തല്ലും കിഴുക്കും നോവിക്കാറുണ്ടായിരുന്നെങ്കിലും മനസിനെ മുറിപ്പെടുത്താറില്ലായിരുന്നു. ചെയ്ത വികൃതികൾ ആവർത്തിക്കാതിരിക്കാനുള്ള ഉൾപ്രേരണ നൽകിയിരുന്നതുകൊണ്ടാകും, ആ അടികൾ സുഖകരമായ നൊസ്റ്റാൾജിയയിൽ സ്ഥാനംപിടിച്ചത്. ഇടയ്ക്കൊക്കെ നല്ല തല്ലു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന മാതാപിതാക്കൾ പോലും അന്നുണ്ടായിരുന്നു.

കാലം മാറി. വിദ്യാർത്ഥിയെ തല്ലുന്നതിൽ അദ്ധ്യാപകനെതിരെ മാതാപിതാക്കൾ കേസിനു പോകുന്ന കാലമാണിത്. പള്ളിക്കൂടത്തിൽ വടിയും അടിയും നിരോധിക്കണമെന്ന് ഒരു കൂട്ടർ. അത് ഏർപ്പെടുത്തിയാലേ ചട്ടമ്പിത്തരം കാട്ടുന്ന പിള്ളേരെ മെരുക്കാനാകൂ എന്നു വാദിക്കുന്ന അദ്ധ്യാപകരുമുണ്ട് . അടിക്കോ വടിക്കോ അല്ല കുഴപ്പം; അതു പ്രയോഗിക്കുന്ന ആളിനാണ്! എങ്ങനെ നടപ്പിലാക്കുന്നു എന്നതിലാണ് പ്രശ്നം. ഇത് വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നുമില്ല. അടി വേണമെന്നും വേണ്ടെന്നുമുള്ള രണ്ടുതട്ടിൽ മാത്രം കാണേണ്ട വിഷയമല്ല ഇത്.

അദ്ധ്യാപകർ തല്ലിയാലും മാതാപിതാക്കൾ തല്ലിയാലും അത് അവരുടെ രോഷം പ്രകടിപ്പിക്കാനുള്ള ഉപാധിയായി മാറിയാൽ ആ പ്രയോഗത്തിൽ നിന്നു ലഭിക്കാവുന്ന സ്വഭാവ നവീകരണ സാദ്ധ്യത കുറയും. കുട്ടി ചെയ്ത തെറ്റിനെക്കുറിച്ചുള്ള ബോദ്ധ്യം വരുത്തലിനൊന്നും മെനക്കെടാതെ തുള്ളിച്ചാടി കോപത്തോടെ അടിക്കുകയും ചെവി പിടിച്ച് കശക്കുകയും ചെയ്താൽ കുട്ടിക്ക് എന്തു പാഠമാകും കിട്ടുക? ദ്വേഷ്യം വന്നാൽ മറ്റുള്ളവരോട് ഇങ്ങനെയൊക്കെയാണ് പ്രതികരിക്കേണ്ടതെന്ന വിചാരം വരില്ലേ? എന്തുകൊണ്ട് ഇമ്മാതിരിയൊരു ശിക്ഷയ്ക്ക് വിധേയപ്പെട്ടു എന്ന മനസിലാക്കൽ കൂടിയില്ലെങ്കിൽ കുട്ടി ആശയക്കുഴപ്പത്തിലുമാകാം. അധ്യാപകന്റെ ഇഷ്ടക്കാർക്ക് സമാന സാഹചര്യത്തിൽ ശിക്ഷ കിട്ടാതെ വരുമ്പോൾ കുട്ടിയിൽ വൈരാഗ്യ ബുദ്ധിയും വരാം.

ക്ഷിപ്ര കോപിയായ അധ്യാപകന്റെയും മാതാപിതാക്കളുടെയും കൈയിലെ വടി ചിലപ്പോൾ അനവസരത്തിലും പ്രയോഗിക്കപ്പെടാം. സ്വന്തം ഇച്ഛാഭംഗങ്ങൾ പിള്ളേരുടെ മേൽ എടുക്കുന്ന പ്രവണതയുണ്ടെങ്കിൽ അതിനും കടിഞ്ഞാൺ വേണം. താഴ്‌ത്തി പറയുന്ന വാക്കുകളും വടികൊണ്ടുള്ള അടികളെക്കാൾ കുഴപ്പം ചെയ്യും. ഏത് ശിക്ഷണ നടപടിയും അത് ചെയ്യുന്നയാൾ മനഃശാസ്ത്രപരമായി കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് പോഷകമാകുന്ന വിധത്തിൽ ശാന്തമായി നടപ്പിലാക്കണം. ഈ വ്യവസ്ഥ പാലിച്ചു വേണം അടിയും നടപ്പിലാക്കാനെന്ന തത്വം പാലിക്കണം.

കുട്ടി കാണിച്ച തെറ്റിനുള്ള ശിക്ഷ എന്ന നിലയിൽ അടി,​ ആദ്യ നടപടിയാകരുത്. മറ്റ്‌ മനഃശാസ്ത്രപരമായ മാർഗങ്ങളെ മറി കടക്കുന്ന എളുപ്പവഴിയും ആകരുത്. തല്ലിന്റെ വേദനയല്ല,​ തല്ലേണ്ടി വരുന്നു എന്ന ചിന്തയാകണം തിരുത്തലിന് പ്രേരകമാകേണ്ടത്. മനസ് പൊള്ളിയാൽ കുട്ടി എങ്ങനെ പ്രതികരിക്കുമെന്ന ധാരണ വേണം. ആ അഗ്നി കെടുത്താനുള്ള എന്തെങ്കിലും കൂടി ചെയ്തില്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യയോ ഒളിച്ചോട്ടമോ ഒക്കെ ഉണ്ടായേക്കാം. അവശ്യം വേണ്ട ഘട്ടങ്ങളിൽ സ്‌കൂളുകളിൽ കുട്ടികളെ അദ്ധ്യാപകർ തല്ലുന്നതിൽ തെറ്റില്ലെന്ന ഹൈക്കോടതി വിധിയുമായി ചേർത്ത് ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കണം.

സ്വഭാവ രൂപീകരണത്തിന് ഉതകുന്ന വിധത്തിലുള്ള ശിക്ഷണ ചിട്ടകളെപ്പറ്റി അദ്ധ്യാപകർക്ക് വർഷാവർഷം ബോധവത്കരണ ക്‌ളാസുകളുമാകാം. അതിൽ,​ എപ്പോൾ തല്ലാമെന്നും, എങ്ങനെ തല്ലണമെന്നുമൊക്കെയുള്ള ഉൾക്കാഴ്ചകൾ കൂടി ഈ വിധിയുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തണം. ഏതൊരു ശിക്ഷാ നടപടിയുടെയും ആവശ്യകത മാതാ പിതാക്കളെ ബോദ്ധ്യപ്പെടുത്താനുള്ള ചുമതല കൂടി അത് നടപ്പിലാക്കുന്നവർ ഏറ്റെടുക്കേണ്ടി വരും. വിദ്യാർത്ഥികളുടെ ചില പെരുമാറ്റ പ്രശ്നങ്ങളിൽ അവരുമായി കൂട്ടുചേർന്ന് പ്രവർത്തിക്കേണ്ടിയും വരും.

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ,​ സീനിയർ കൺസൾട്ടന്റ് സൈക്ക്യാട്രിസ്റ്റ് ആണ് ലേഖകൻ)