818 കോടി കടന്ന് കാന്താര, ഇംഗ്ലീഷ് പതിപ്പ് 31ന്
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച കാന്താര ചാപ്ടർ 1 ഇംഗ്ലീഷ് പതിപ്പ് ഒക്ടോബർ 31ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്യുന്നത്. ഇന്ത്യൻ ഭാഷകളിൽ ചിത്രം നേടിയ വമ്പിച്ച ബോക്സ് ഓഫീസ് വിജയത്തെ തുടർന്നാണ് ഈ നീക്കം. തിയേറ്ററിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന പതിപ്പിന് 2 മണിക്കൂർ 49 മിനിറ്റാണ് ദൈർഘ്യം. ഇംഗ്ലീഷ് പതിപ്പിന് 2 മണിക്കൂറും 14 മിനിറ്റും ആയിരിക്കും ദൈർഘ്യം. ഒക്ടോബർ 2ന് കന്നട, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം വെറും 20 ദിവസം കൊണ്ട് ലോകമെമ്പാടും 850 കോടി രൂപയിലധികം കളക്ഷൻ നേടി. ഇന്ത്യയിൽ നിന്നു മാത്രം എല്ലാ ഭാഷകളിലുമായി 550 കോടിയിലധികം രൂപ നേടി. രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും അജനീഷ് ലോക്നാഥ് സംഗീത സംവിധാനവും നിർവഹിച്ചു.