മിഷൻ ഇമ്പോസിബിൾ താരം ഇലിയ വൊലോക് ബോളിവുഡിൽ നായിക നിമിഷ സജയൻ

Saturday 25 October 2025 6:14 AM IST

നിമിഷ സജയൻ വീണ്ടും ബോളിവുഡിൽ എത്തുന്നു . നവാഗതനായ കുശാഗ്ര ശർമ്മ സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് എസ്കേപ്പ് പരാർ എന്ന മണി ഹെയ്സ്റ്റ് ത്രില്ലറിലൂടെയാണ് നിമിഷ വീണ്ടും ബോളിവുഡിലെത്തുന്നത്. മിഷൻ ഇമ്പോസിബിൾ താരം ഇലിയ വൊലോക്കും നവാസുദ്ദീൻ സിദ്ദിഖിയുമാണ് മറ്റ് പ്രധാന താരങ്ങൾ. മിഷൻ ഇമ്പോസിബിൾ ഗോസ്റ്റ്. പ്രോട്ടോക്കോൾ, ഏജന്റ്സ് ഒഫ് ഷീൽഡ്,ദ പണിഷർ,ജെമിനി മാൻ എന്നിവയുൾപ്പടെ നിരവധി ഹോളിവുഡ് സിനിമകളിലും സീരീസുകളിലുമഭിനയിച്ച വെലോക്കിന്റെ ബോളിവുഡ് അരങ്ങേറ്റമാണിത്.നവാസുദ്ദീൻ ഒരു ഫിസിക്സ് പ്രൊഫസറായി വേഷമിടുന്നു എന്നാണ് വിവരം. പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്‌റ്റിന് സംഗീതമൊരുക്കിയ ഇവാൻ ലകാമാരയുടേതാണ് പശ്ചാത്തല സംഗീതം.ബഹുഭാഷാ വെബ് സീരീസായ പോച്ചർ, ഡബ്ബ കാർട്ടൽ എന്നിവയിലൂടെയും ക്രേസി എന്ന ചിത്രത്തിലൂടെയും ബോളിവുഡിൽ ഏറെ പരിചിതയാണ് നിമിഷ സജയൻ. നിമിഷ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം ആണ് ദ ഗ്രേറ്റ് എസ്കേപ്പ് പരാർ.വെബ് സീരിസിലാണ് നിമിഷ കൂടുതൽ സജീവം.

സ്റ്റോൺ ബഞ്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യം നിർമ്മിച്ച് ചാരുകേഷ് ശേഖർ സംവിധാനം ചെയ്യുന്ന ലെഗസി എന്ന തമിഴ് സീരിസിൽ നിമിഷ സജയനും സ്വാസികയുമാണ് നായികമാർ. മാധവൻ, ഗൗതം കാർത്തിക്, ഗുൽഷൻ ദേവയ്യ എന്നിവരാണ് ഈ ഗ്യാംഗ്സ്‌റ്റർ ഡ്രാമയിലെ മറ്റ് പ്രധാന താരങ്ങൾ .നെറ്റ് ഫ്ലിക്സ് ആണ് സ്ട്രീമിംഗ് പാർട്ണർ.