നിർമ്മിത ബുദ്ധി നിയന്ത്രണം

Saturday 25 October 2025 3:15 AM IST

നിർമ്മിത ബുദ്ധി (എ.ഐ) ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലോകം ഇനി സാദ്ധ്യമല്ല. ഭാവിയിൽ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതിലും മുന്നോട്ടു നയിക്കുന്നതിലും എ.ഐ സംവിധാനങ്ങളുടെ പങ്ക് വളരെ വലുതായിരിക്കും. ഏതൊരു യന്ത്രത്തിനും സാദ്ധ്യതകളും പ്രയോജനങ്ങളും ഉള്ളതുപോലെ തന്നെ ദോഷവശങ്ങളുമുണ്ട്. അത് എ.ഐയ്ക്കും ബാധകമാണ്. ആധുനിക രാജ്യങ്ങൾ ഇപ്പോൾത്തന്നെ യുദ്ധോപകരണങ്ങൾ പോലും നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധി ഉപയോഗിച്ചാണ്. കണിശതയും കൃത്യതയുമാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. തിരുപ്പതി ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ അടുത്തിടെ ഏർപ്പെടുത്തിയത് എ.ഐ സംവിധാനമാണ്. പത്തു മാസം മുമ്പ് ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരണമടഞ്ഞ സംഭവത്തെത്തുടർന്നാണ് തിരക്ക് നിയന്ത്രിക്കാൻ 'എ.ഐ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ" സ്ഥാപിച്ചത്. ക്ഷേത്രത്തിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്ഥാപിച്ച,​ രാജ്യത്തെ ആദ്യത്തെ എ.ഐ സംവിധാനമാണിത്.

വിപുലമായ വീഡിയോ അനലറ്റിക്‌സും ഫേഷ്യൽ റെക്കഗ്‌നിഷനും ഉപയോഗിച്ച് ജനക്കൂട്ട മാനേജ്‌മെന്റ് സുഗമമാക്കുകയും തത്‌സമയ നീരീക്ഷണം നൽകുന്നതുമാണ് ഈ എ.ഐ സെന്റർ. ക്യൂവിലുള്ള ആളുകളുടെ എണ്ണം കണക്കാക്കാനും,​ ജനക്കൂട്ടത്തിന്റെ ചലനം ട്രാക്ക് ചെയ്യാനും,​ ദർശനത്തിനായി എത്രനേരം കാത്തിരിക്കണമെന്ന് അറിയിക്കാനും മറ്റും ഈ സംവിധാനത്തിന് കഴിയും. ട്രാഫിക് നിയന്ത്രണം, രാജ്യസുരക്ഷ ഉറപ്പാക്കൽ, വിദഗ്ദ്ധ ശസ്ത്രക്രിയകൾ തുടങ്ങിയ തന്ത്രപ്രധാനമായ ചില രംഗങ്ങളിലേക്കും എ.ഐ അതിവേഗം കടന്നുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിലേക്കുള്ള എ.ഐയുടെ കടന്നുവരവ് ഗുണത്തെക്കാളേറെ ദോഷങ്ങൾ പ്രദാനം ചെയ്യുന്നതാണെന്ന് പറയേണ്ടിവരും. പ്രധാനമന്ത്രി പറയാത്ത കാര്യങ്ങൾപോലും അദ്ദേഹത്തിന്റെ രൂപത്തിലും ശബ്ദത്തിലും അവതരിപ്പിക്കാൻ എ.ഐ സംവിധാനങ്ങൾക്ക് കഴിയും.

മണിക്കൂറുകളോളം മൊബൈൽ ഫോൺ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പൂച്ചകളുടെയും സിംഹത്തിന്റെയും കുരങ്ങന്മാരുടെയുമൊക്കെ പെരുമാറ്റങ്ങളും പ്രകടനങ്ങളും കാണിക്കുന്ന ദൃശ്യങ്ങളൊക്കെ എ.ഐ സംവിധാനത്തിലൂടെ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ അവതരിപ്പിക്കാനാകും. കാണുന്നതുപോലും വിശ്വസിക്കാനാവാത്ത അവസ്ഥയാവും അങ്ങനെ സംജാതമാവുക. അതിനാൽ ഇതിന് ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. ഇതിനായി ഐ.ടി നിയമങ്ങളിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിർമ്മിത ബുദ്ധി രൂപപ്പെടുത്തിയ ഉള്ളടക്കത്തിൽ ഇക്കാര്യം കൃത്യമായി പറയണമെന്നതാണ് പ്രധാന നിബന്ധനകളിലൊന്ന്. അങ്ങനെ വരുമ്പോൾ സത്യമാണ് കാണുന്നതെന്ന് വിശ്വസിച്ചുകൊണ്ട് ആർക്കും ഒന്നും കാണേണ്ടിവരില്ല. 'കൃത്രിമ വിവരങ്ങളെ" അടയാളപ്പെടുത്തണമെന്ന് ഫേസ്‌ബുക്ക്, യുട്യൂബ് പോലുള്ള വലിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകുന്നതായിരിക്കും.

നിയമത്തിന്റെ കരട് സംബന്ധിച്ച് ഈ മേഖലയിലുള്ളവർക്ക് നവംബർ ആറുവരെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. 50 ലക്ഷമോ അതിൽ കൂടുതലോ വരിക്കാരുള്ളവർക്ക് എ.ഐ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. യാഥാർത്ഥ്യമെന്ന് തോന്നുന്ന രൂപത്തിൽ കൃത്രിമമായി നിർമ്മിച്ചെടുത്ത ഡീപ് ഫെയ്‌ക്ക് ഓഡിയോയും വീഡിയോയും അടുത്തകാലത്തായി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന സാഹചര്യത്തിൽ ഇത്തരം നിയന്ത്രണം അനിവാര്യമാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും സമ്മതിദായകരെ സ്വാധീനിക്കാനും ലഹളകൾക്കുവരെ ഇടയാക്കാനും ഇത്തരം ഡീപ് ഫെയ്‌ക്ക് വീഡിയോകൾക്ക് ശക്തിയുണ്ട്. വ്യക്തിഹത്യയ്ക്കും പണം തട്ടിപ്പിനുമെല്ലാം ഇത് ഉപയോഗപ്പെടുത്താനാകും. അതിനാൽ കൃത്രിമമായി സൃഷ്ടിച്ചതാണെങ്കിൽ അക്കാര്യം ലേബലിംഗിലൂടെ വ്യക്തമാക്കണമെന്ന നിർദ്ദേശം ഭാവിയിൽ ഒട്ടേറെ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് കരുതാം. ഇതൊരു പറ്റിപ്പാണ് എന്ന് എഴുതിക്കാണിച്ചുകൊണ്ട് ആരും തട്ടിപ്പിന് ശ്രമിക്കില്ലല്ലോ. അപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയും നിയമത്തിൽ ഉണ്ടാകേണ്ടതാണ്.