കാട്ടാളനിൽനിന്ന് രജിഷ പിന്മാറി

Saturday 25 October 2025 6:16 AM IST

ആന്റണി വർഗീസ് നായകനാവുന്ന കാട്ടാളൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നിന്ന് രജിഷ വിജയൻ പിന്മാറി. കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തതാണ് രജിഷയുടെ പിന്മാറ്റത്തിന് കാരണമെന്ന് അറിയുന്നു. ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൾ വേഷമായിരുന്നു രജിഷയ്ക്ക്. ഇതിനുപകരം ജഗദീഷിന്റെ ഭാര്യ വേഷത്തിൽ ജിലു ജോസഫ് എത്തുന്നു. ജേക്കബിന്റെ സ്വർഗരാജ്യം, 2018, വിശേഷം, ആസാദി തുടങ്ങി നിരവധി ചിത്രങ്ങൾ ജിലു അഭിനയിച്ചിട്ടുണ്ട്. ധ്രുവ് വിക്രം നായകനായ ബൈസൺ കാലമാടനിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം ആണ് രജിഷ വിജയൻ കാഴ്ച വയ്ക്കുന്നത്. ധനുഷ് ചിത്രം കർണനുശേഷം രജിഷ വീണ്ടും മാരി സെൽവരാജ് ചിത്രത്തിന്റെ ഭാഗമാകുകയാണ്. കാർത്തി ചിത്രം സർദാർ 2 ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു രജിഷ സിനിമ. മമ്മൂട്ടി ചിത്രം കളങ്കാവലിലും രജിഷ അഭിനയിച്ചു. അതേസമയം നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ വാഗമണ്ണിൽ പുരോഗമിക്കുന്നു. സുനിൽ, കബീർ ദുഹാൻസിംഗ് എന്നീ പാൻ ഇന്ത്യൻ താരങ്ങൾക്കൊപ്പം ജഗദീഷ്, സിദ്ദിഖ്, ആൻസൻ പോൾ, രാജ് തിരൺദാസ്, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഉണ്ണി ആർ രചന നിർവഹിക്കുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ആണ് കാട്ടാളൻ.