ഇന്ദ്രൻസിന്റെ വേറിട്ട വേഷപ്പകർച്ച ; സ്റ്റേഷൻ 5 ഒ.ടി.ടിയിൽ

Friday 24 October 2025 7:24 PM IST

ഇന്ദ്രൻസ് വേറിട്ട വേഷപ്പകർച്ചയിൽ എത്തിയ 'സ്റ്റേഷൻ 5'തിയറ്റർ റിലീസായി ഏറെ നാളുകൾക്ക് ശേഷം ഒ.ടി.ടിയിലും എത്തി. മനോരമമാക്സിലൂടെയാണ് 'സ്റ്റേഷൻ 5' ഒ.ടി.ടിയിൽ എത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനായ പ്രശാന്ത് കാനത്തൂരാണ് ചിത്രമൊരുക്കിയത്.

ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ,രജേഷ് ശർമ്മ, സുനിൽ സുഖദ, വിനോദ് കോവൂർ, ഐ.എം.വിജയൻ, ദിനേഷ് പണിക്കർ, അനൂപ് ചന്ദ്രൻ, ശിവൻ കൃഷ്ണൻകുട്ടി നായർ, ജെയിംസ് ഏലിയ, മാസ്റ്റർ ഡാവിൻചി, പളനിസാമി, ഷാരിൻ, ജ്യോതി ചന്ദ്രൻ, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. തിയറ്ററിൽ വലിയ ശ്രദ്ധ നേടാനാകാതിരുന്ന ചിത്രം ഒ.ടി.ടിയിൽ മികച്ച പ്രതികരണം നേടും എന്നാണ് സ്റ്റേഷൻ 5ന്റെ നിർമ്മാതാക്കളുടെ പ്രതീക്ഷ.

മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബി.എ.മായ ആണ് ഇന്ദ്രൻസ് നിർണായക കഥാപാത്രമായ 'സ്റ്റേഷൻ 5' നിർമിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും സംവിധായകൻ പ്രശാന്ത് കാനത്തൂരാണ്. കെ എസ്.ചിത്ര, നഞ്ചമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും , ഷലീഷ് ലാൽ ചിത്രസംയോജനവും നിർവഹിക്കുന്നു.