പാലായിൽ സുരക്ഷാ വീഴ്ച : നിയന്ത്രണങ്ങൾ മറികടന്ന് ബൈക്ക് പാഞ്ഞു

Saturday 25 October 2025 12:49 AM IST

പാലാ : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശന വേളയിൽ പൊലീസിനെ വെട്ടിച്ച് നിയന്ത്രണങ്ങൾ മറികടന്ന് ബൈക്കിൽ പാഞ്ഞ മൂന്ന് പേരെ പിടികൂടി. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ് (26), കിടങ്ങൂർ സ്വദേശി സതീഷ് കെ.എം (25), കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ (30) എന്നിവരാണ് പാലാ പൊലീസിന്റെ പിടിയിലായത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പാലാ സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ രാഷ്ട്രപതി പങ്കെടുക്കവെയാണ് സംഭവം. പാലാ - ഏറ്റുമാനൂർ ഹൈവേയിലൂടെ മൂന്നുപേരുമായി അമിതവേഗത്തിലെത്തിയ ബൈക്ക് പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ച് മുന്നോട്ട് പോകുകയായിരുന്നു. ജിഷ്ണുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന് ഇൻഷ്വറൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. വാഹനവും വാഹനത്തിന്റെ രേഖകളും കോടതിയിൽ ഹാജരാക്കുമെന്ന് പാലാ ഡി.വൈ.എസ്.പി കെ. സദൻ പറഞ്ഞു. സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാക്ഷ്യം.