രാസലഹരി വിതരണക്കാരന്റെ സഹായി അറസ്റ്റിൽ

Saturday 25 October 2025 1:23 AM IST

കൊച്ചി: കഴിഞ്ഞദിവസം രാസലഹരിയുമായി പിടിയിലായ വാടകലോ‌‌‌ഡ്ജ് നടത്തിപ്പുകാരന്റെ സഹായിയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം തിരൂർ കുളത്തിങ്ങൽത്തൊടിവീട്ടിൽ മുഹമ്മദ് അസ്‌ലമാണ് (24) പിടിയിലായത്.

വിതരണത്തിന് ഏൽപ്പിക്കുന്ന എം.ഡി.എം.എ മുഹമ്മദ് അസ്‌ലമാണ് ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇടുന്നത്. തുടർന്ന് ഗൂഗിൾമാപ്പ് സഹിതം ലൊക്കേഷനും ഫോട്ടോയും ആവശ്യക്കാരന് വാട്സാപ്പ് ചെയ്തുകൊടുക്കും. രവിപുരം ജംഗ്ഷന് സമീപത്തെ ഒരുഹോട്ടലിന്റെ മുകളിലെ മുറികൾ വാടകയ്ക്കെടുത്ത് ലോഡ്ജ് നടത്തുന്ന കോഴിക്കോട് സ്വദേശി അമീറിനെയും പേരാമ്പ്ര സ്വദേശി അൻഷിദിനെയും 12.8953 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസമാണ് അറസ്റ്റുചെയ്തത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് അസ്‌ലമിനെക്കുറിച്ച് വിവരം കിട്ടിയത്. സൗത്ത് എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.