സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസായേക്കും

Saturday 25 October 2025 12:58 AM IST

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ഹരിയാന ഹിസാർ സ്വദേശിയാണ്. 2027 ഫെബ്രുവരി 9വരെ സർവീസുണ്ട്.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നവംബർ 23ന് വിരമിക്കും. ഇനിയുള്ള ജഡ്ജിമാരിൽ സീനിയർ സൂര്യകാന്താണ്. കേന്ദ്ര നിയമ മന്ത്രാലയം

പുതിയ പേര് നിർദേശിക്കാൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്. ബോംബെ ഹൈക്കോടതി ജഡ്‌ജിയായിരുന്ന ഗവായിയെയും, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സൂര്യകാന്തിനെയും സുപ്രീംകോടതി ജഡ്‌ജിമാരായി സ്ഥാനക്കറ്റം നൽകാൻ ഒരേ ദിവസമാണ് കൊളീജിയം തീരുമാനിച്ചെന്നത് കൗതുകം. 2019 മേയ് എട്ടിനായിരുന്നു ശുപാർശ. 2019 മേയ് 24ന് ഇരുവരും ചുമതലയേറ്റു.

ശബരിമല ബെഞ്ച്

സജീവമാകും

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച 2018 സെപ്‌തംബർ 28ലെ വിധി ചോദ്യംചെയ്‌ത ഹർജികൾ ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. 2020 ജനുവരി 13ന് വിശാല ബെഞ്ചിൽ വാദം തുടങ്ങിയെങ്കിലും ബെഞ്ചിലുണ്ടായിരുന്ന ഗവായിയും സൂര്യകാന്തും ഒഴികെ മറ്റു ഏഴുപേരും വിരമിച്ചു. ഒൻപതംഗ ബെഞ്ച് പുനഃസംഘടിപ്പിച്ച് വാദം കേൾക്കാൻ ഗവായ് തയ്യാറായില്ല. സൂര്യകാന്ത് ചീഫ് ജസ്റ്റിസായാൽ ബെഞ്ച് വീണ്ടും സജീവമാകാൻ സാദ്ധ്യതയുണ്ട്. കേരളത്തിന്റെ സാമ്പത്തികബുദ്ധിമുട്ടും ഗവർണറും സർക്കാരും തമ്മിലുള്ള തർക്കവും അടക്കം ഹർജികൾ അദ്ദേഹം പരിഗണിച്ചിരുന്നു. അടുത്തിടെ, ബീഹാർ തീവ്ര വോട്ടർപട്ടിക പുതുക്കലിൽ നിർണായക ഇടപെടൽ നടത്തി. തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടു.