ബണ്ടിലും വിളയും മുത്തുപോലെ മുത്താറി വിജയഗാഥയുമായി എരഞ്ഞോളിയിലെ ജൈവകർഷകൻ

Friday 24 October 2025 10:08 PM IST

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത ജൈവകർഷകനായ അരയാക്കണ്ടി രാജൻ പോഷകസമൃദ്ധമായ മുത്താറിയുടെ കൃഷിയിൽ നേടിയ വിജയം ഒരു സന്ദേശം കൂടിയാണ്. സാധാരണ വിളകൾക്ക് പ്രതികൂലമായ ഉപ്പുവെള്ളം നിറഞ്ഞ ഇടങ്ങളിൽ തയ്യാറാക്കിയ ബണ്ടുകളിലാണ് രാജന്റെ മുത്താറി വിജയഗാഥ.

നാലുപതിറ്റാണ്ടായി മുത്താറി കൃഷി ചെയ്യുന്ന രാജൻ അഞ്ചരക്കണ്ടി ധർമ്മടം പുഴയുടെ തീരത്ത് കാളിപുഴയിലെ ചളി കൊണ്ടുണ്ടാക്കിയ ബണ്ടിലാണ് തന്റെ വിജയം തുടരുന്നത്. പരമ്പരാഗതമായി സൂക്ഷിച്ചുവരുന്ന വിത്ത് ആദ്യം കരഭൂമിയിൽ പാകി മുളപ്പിച്ച ശേഷം ബണ്ടിലേക്ക് പറിച്ചുനടുന്നതാണ് രീതി. നാലര മാസം കൊണ്ട് മുത്താറി വിളയും.അരിവാളുകൊണ്ടോ കൈകൊണ്ടോ പറിച്ച് മെതിച്ച് പതിരുനീക്കി ചെറു വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് രീതി. പോഷകാഹാരമായും പ്രമേഹരോഗികൾക്കും കുഞ്ഞുങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന മുത്താറിക്ക് ആവശ്യക്കാരും ഏറെയാണ്.

വരു, സമ്മിശ്രക്കൃഷിയുടെ വിജയം കാണാം

മുത്താറി കൃഷി മാത്രമല്ല, രാജന്റെ രണ്ടര ഏക്കർ കൃഷിയിടത്തിൽ ഒരിഞ്ചുപോലും പാഴായി കിടക്കുന്നില്ല. നെല്ല്, വാഴ, മുതിര, വൻപയർ, ഇളവൻ, ചേന, മഞ്ഞൾ തുടങ്ങി പലതരം വിളകൾ ഈ കൃഷിയിടത്തിലുണ്ട്. പൂർണമായും ജൈവകൃഷിരീതിയാണ് അവലംബിക്കുന്നത്. സ്വന്തമായി കറവപ്പശുക്കൾ ഉള്ളതിനാൽ കൃഷിയിടത്തിലേക്ക് വേണ്ട കാലിവളം ലഭിക്കും. ഈ പശുക്കൾക്ക് നെല്ലിന്റെയും മുത്താറിയുടെയും വൈക്കോലിന് പുറമെ നൽകാൻ ഗിനിപ്പുല്ലും ഹൈബ്രിഡ് നാപ്പിയർ പുല്ലും നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. പറമ്പിനോട് ചേർന്ന വെള്ളക്കെട്ടിൽ കരിമീൻ കൃഷി വേറെ.

കൊയ്ത് ഉത്സവമാക്കി

രാജന്റെ മുത്താറി,നെൽകൃഷികളുടെ കൊയ്തുത്സവം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷയാണ് ഉദ്ഘാടനം ചെയ്തത്.ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി.കെ.ഷക്കീലിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങ്. എരഞ്ഞോളി കൃഷി ഓഫീസർ ടി.കെ.കാവ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ബാലൻ, സുശീൽ ചന്ത്രോത്ത്, പി.ഷിംജിത്ത് തുടങ്ങിയവർക്കൊപ്പം മറ്റ് കർഷകരും നാട്ടുകാരും കൃഷിയിടത്തിലെത്തിയിരുന്നു.

നമ്മുടെ മുത്താറി, ഇംഗ്ളീഷുകാരുടെ ഫിംഗർ മില്ലെറ്റ്

പഞ്ഞപ്പുല്ല്, കൂവരക്, റാഗി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണ് മുത്താറി. ഇംഗ്ലീഷിൽ ഫിംഗർ മില്ലെറ്റ് എന്നാണ് പറയുന്നത്.കാത്സ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കാൻ പറ്റിയ ധാന്യമാണിത്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. ശ്രീലങ്കയിലും നേപ്പാളിലും മുത്താറി പ്രധാന ഭക്ഷ്യധാന്യവുമാണ്.