വള്ളുവൻകടവ് വള്ളംകളി വിളംബര ഘോഷയാത്ര

Friday 24 October 2025 10:20 PM IST

കണ്ണൂർ: കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് വള്ളംകളി ജലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ നിന്നും ആരംഭിച്ച് ക്രിസ്ത്യൻപള്ളിയിൽ സമാപിച്ചു. 26ന് നടക്കുന്ന വള്ളംകളി രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനത്തിൽ കെ.സുധാകരൻ എം.പി ട്രോഫികൾ സമ്മാനിക്കും. പ്രമുഖ ടീമുകളായ അഴീക്കോടൻ അച്ചാംതുരുത്തി, എ.കെ.ജി പൊടോത്തുരുത്തി (എ, ബി ടീമുകൾ), റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, എ.കെ.ജി മയിച്ച, വയൽക്കര വെങ്ങാട്, ഫൈറ്റിംഗ് സ്റ്റാർ ക്ലബ് കുറ്റിവയൽ, കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാംതുരുത്തി (എ,ബി ടീമുകൾ), ഇ.എം.എസ് മുഴക്കിൽ, വിക്ടർ, കിഴക്കേമുറി എന്നീ ടീമുകളാണ് മത്സരത്തിനുള്ളത്.25 പേർ തുഴയുന്ന 14 വള്ളങ്ങൾ, 15 പേർ തുഴയുന്ന 14 വള്ളങ്ങൾ, വനിതാവിഭാഗത്തിൽ പത്തുപേർ തുഴയുന്ന ഒൻപത് വള്ളങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഒരുകിലോമീറ്റർ ആണ് മത്സരദൂരം.ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്കും ക്യാഷ് പ്രൈസ് ലഭിക്കും.