കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭവന രഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമാവുന്നു
കിളിമാനൂർ: വീടും ഭൂമിയും ഇല്ലാതെ കഷ്ടപ്പെടുന്നവർക്കായി കരുതലിന്റെയും സ്‌നേഹത്തിന്റെയും പുത്തൻമാതൃക സൃഷ്ടിക്കുകയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങൾക്ക് ഒരു കുടക്കീഴിൽ വീടൊരുക്കുന്ന ഭവന പദ്ധതിയിൽ പതിനെട്ട് ഭവന യൂണിറ്റ് അടങ്ങുന്ന ഒരു കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
നിർമ്മാണം
പുരോഗമിക്കുന്നു
എട്ട് പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികൾ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ആകെയുള്ളത്. മറ്റൊന്നിന്റെ സ്ട്രക്ച്ചർ വർക്കുകൾ പൂർത്തിയായി, ഒന്നിന് ബേസ്‌മെന്റും കെട്ടിയിട്ടുണ്ട്.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്
ഭൂമി വാങ്ങിയത് - 64 ലക്ഷം രൂപയ‌്ക്ക്
പ്രയോജനം - 51 കുടുംബങ്ങൾക്ക്
ഒരു കുടുംബത്തിന് കണക്കാക്കുന്ന തുക - 12 ലക്ഷം
നിർമ്മാണത്തുക - 6.12 കോടി രൂപ
ശ്രദ്ധേയമാകുന്ന പദ്ധതി
ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്‌തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-19 വാർഷിക പദ്ധതിയിൽ ഭവനസമുച്ചയത്തിന്റെ ആരംഭത്തിനും ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർപ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു. ജൈവ ചുറ്റുമതിൽ,സോളാറിൽ വൈദ്യുതി,സ്വിമ്മിംഗ് പൂൾ,അങ്കണവാടി,വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചിൽഡ്രൻസ് പാർക്ക്,കിൻഡർ ഗാർട്ടൻ ഇതെല്ലാം ഉൾപ്പെട്ടതാണ് ഫ്ലാറ്റ് സമുച്ചയം. ഫ്ലാറ്റുകൾ കുടുംബങ്ങൾക്ക് കൈമാറുമെങ്കിലും ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിനായിരിക്കും.