ഐഷ കൊലപാതകം : സെബാസ്റ്റ്യന്റെ വനിതാസുഹൃത്തിനെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു

Saturday 25 October 2025 3:09 AM IST

സഹകരിക്കാതെ സെബാസ്റ്റ്യൻ

ചേർത്തല : റിട്ട.പഞ്ചായത്ത് ജീവനക്കാരി ചേർത്തല സ്വദേശിനി ഐഷയെ (ഹയറുമ്മ–62) കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പ്രതി പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിക്കാത്തത് പൊലീസിന് വെല്ലുവിളിയാകുന്നു. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.

ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെയും ഡിവൈ.എസ്.പി ടി.അനിൽകുമാറിന്റെയും സാന്നിദ്ധ്യത്തിലും സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു. ഐഷ കേസിൽ സെബാസ്റ്റ്യനൊപ്പം സംശയ നിഴലിലായിരുന്ന ഐഷയുടെ അയൽക്കാരിയും സെബാസ്റ്റ്യന്റെ വനിതാസുഹൃത്തുമായ റോസമ്മയെ പൊലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകത്തിൽ ഇവർക്ക് നിർണായകബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മാസങ്ങളായി റോസമ്മ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിച്ചു വരികയാണ്. ഇന്നോ നാളെയോ സെബാസ്റ്റ്യനെ കൊലപാതകം നടത്തിയ പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചേക്കും.

ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ,കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവരുടെ കൊലപാതകത്തിലും പ്രതിയാണ് സെബാസ്റ്റ്യൻ. കൊലപാതകം നടന്നു 13 വർഷം പിന്നിട്ട സാഹചര്യത്തിൽ ഐഷ കേസിൽ തെളിവുകൾ കണ്ടെത്തുക അസാദ്ധ്യമാണെന്ന നിഗമനത്തിലാണ് പൊലീസ്. 28ന് ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിക്കും.

അയൽക്കാരിയുടെ രഹസ്യമൊഴിയെടുത്തു ഐഷയെ കൊലപ്പെടുത്തിയതാണെന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയ അയൽക്കാരിയുടെ രഹസ്യമൊഴി ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. പൊലീസിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവർ നടത്തിയതെന്നറിയുന്നു. 2012 മെയ് 13ന് ഐഷ കൊല്ലപ്പെട്ടതായാണ് പൊലീസ് നിഗമനം. ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യൻ സ്ഥലം നൽകാമെന്ന പേരിൽ ഇവരിൽ നിന്നും തന്ത്രപൂർവം സ്വർണവും പണവും കൈപ്പറ്റിയിരുന്നു. രണ്ട് ലക്ഷം രൂപയും ഒന്നരപ്പവന്റെ സ്വർണവുമാണ് കൈക്കലാക്കിയത്. ഐഷ ഇതു് മടക്കി ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു ബലം നൽകുന്ന സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.