പൂക്കളിൽ നിന്ന് ചന്ദനത്തിരി നിർമ്മിക്കാൻ കുടുംബശ്രീ
ആലപ്പുഴ : ഓണവിപണിയിൽ കുടുംബശ്രീയുടെ പൂകൃഷി നേട്ടം കൊയ്തതിനു പിന്നാലെ പൂക്കളിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നമായി ചന്ദനത്തിരി നിർമ്മിക്കാൻ ഒരുങ്ങി കുടുംബശ്രീ. കാർഷിക സർവകലാശാലയുടെ കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് കാർഷിക മേഖലയിലെ തിരഞ്ഞെടുത്ത 25 വീതം കുടുംബശ്രീ സി.ആർ.പി അംഗങ്ങൾക്കായി പൂക്കളിൽ നിന്ന് മൂല്യ വർദ്ധിത വസ്തുക്കൾ നിർമ്മിക്കാൻ പരിശീലനം നൽകി.
പൂകർഷകർക്ക് വിപണിയിൽ നിന്ന് അധിക വരുമാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുവാനുള്ള പരിശീലനം നൽകിയത്. ചന്ദനത്തിരി കൂടാതെ ഫ്ലോറൽ ജെല്ലി, രംഗോലി പൗഡർ തുടങ്ങിയവ നിർമ്മിക്കാനുള്ള പരിശീലനവും നൽകി. പരിശീലനം ലഭിച്ച അംഗങ്ങൾ ജില്ലയിലെ പൂകൃഷി ചെയ്യുന്ന ജെ.എൽ.ജി അംഗങ്ങൾക്ക് പരിശീലനം നൽകും.
ജില്ലയിൽ 72 സി.ഡി.എസുകളിൽ വലുതും ചെറുതുമായ തരത്തിൽ ഇത്തവണ പൂകൃഷി ചെയ്തിരുന്നു. സ്വകാര്യ നഴ്‌സറികളെ ആശ്രയിക്കാതെ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളിൽ തയ്യാറാക്കിയ ഹൈബ്രിഡ് തൈകളാണ് കൃഷിക്കുപയോഗിച്ചത്.
അധിക വരുമാനം ലക്ഷ്യം
ഓണക്കാലത്ത് കൃഷി ചെയ്ത പൂക്കൾ ആവശ്യാനുസരണം മാത്രമാണ് വിളവെടുത്തത്
അവശേഷിക്കുന്ന പൂക്കൾ പാഴാക്കാതെ മൂല്യവർദ്ധിത ഉത്പന്നമാക്കി മാറ്റാനുള്ള പദ്ധതിയാണിത്
പ്രത്യേക ബ്രാൻഡിൽ മികച്ച പാക്കിംഗോടുകൂടിയാകും വിപണിയിലെത്തിക്കുക പൂക്കൾ ഉണക്കിയാണ് അഗർബത്തിയും പൊടിയും നിർമിക്കുന്നത്
സംസ്ഥാനത്തെ 3453 കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘം (ജെ.എൽ.ജി ഗ്രൂപ്പ്) ചേർന്ന് 1281.24 ഏക്കറിലാണ് പൂവ് കൃഷി ചെയ്തത്. ഏകദേശം 13,812 പേർക്കാണ് ഇതിലൂടെ അധികവരുമാനം ഒരുങ്ങുന്നത്
- കുടുംബശ്രീ അധികൃതർ