മലയാളിയായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി
ഹൈദരാബാദ്: മലയാളിയായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലെ (എൻ.ആർ.എസ്.സി) ശാസ്ത്രജ്ഞനായ എസ്.സുരേഷാണ്(56) മരിച്ചത്. ഹൈദരാബാദിലെ അപ്പാർട്‌മെന്റിലാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും പ്രതിയേപ്പറ്റി സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.