നിധീഷ് ക്ളേയിൽ രൂപപ്പെടുത്തിയത് വിദേശവനിതയെ

Saturday 25 October 2025 12:38 AM IST
ക്ലേ മോഡലിൽ നിർമ്മിച്ച വിദേശവനിതയുടെ രൂപത്തിനൊപ്പം നിധീഷ് ജോമോൻ

തൊടുപുഴ: പുസ്തകം ശ്രദ്ധയോടെ വായിച്ചിരിക്കുന്ന ഇരുപതുകാരിയായ വിദേശവനിതയുടെ രൂപം നിർമ്മിച്ചാണ് ഇത്തവണ നിധീഷ് ജോമോൻ ഹൈസ്‌കൂൾ വിഭാഗം ക്ലേ മോഡൽ നിർമ്മാണത്തിനെത്തിയത്. പ്രവർത്തി പരിചയമേളയിൽ ഒരു വനിതയാകാമെന്ന ആശയം മനസിൽ തോന്നിയപ്പോൾ ഏത് രാജ്യക്കാരിയെന്ന് പോലും ആലോചിക്കാതെയാണ് ഒരു മനോഹര രൂപം ഒരുക്കിയത്. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനം നിധീഷിനായിരുന്നു. ആദ്യമായി മത്സരിച്ചാണ് അന്ന് ഒന്നാം സ്ഥാനം നേടിയത്. കിടക്കുന്ന കാളയുടെ രൂപമായിരുന്നു നിർമ്മിച്ചതും. സംസ്ഥാന തലത്തിൽ എ ഗ്രേഡും ലഭിച്ചിരുന്നു. രാജാക്കാട് ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പനച്ചിക്കുന്നേൽ വീട്ടിൽ ജോമോൻ - സുധ ദമ്പതികളുടെ മകാനാണ്. പിതാവ് ജോമോനും ശിൽപിയാണ്. എങ്കിലും വീട്ടുകാർ ആവശ്യപ്പെടാതെ സ്വയമേയാണ് നിധീഷ് ഈ ഉദ്യമത്തിനെത്തിയത്. ബഹ്രൈനിലെ ഒരു പള്ളിയുടെ പണിയുമായി ബന്ധപ്പെട്ട് അവിടെയാണെങ്കിലും പിതാവ് ജേമോൻ രാവിലെ തന്നെ വിളിച്ച് മകന് ആശംസകൾ നേർന്നിരുന്നു. കഴിഞ്ഞ തവണ നേടിയ ഒന്നാംസ്ഥാനം നിലനിർത്തണമെന്ന ആശങ്കയൊന്നും നിധിഷിനില്ല. സഹോദരി അഭിയ പ്ലസ്ടു വിദ്യാർത്ഥിയാണ്‌.