കനത്ത മഴയിൽ വ്യാപകമായി മണ്ണിടിഞ്ഞു

Saturday 25 October 2025 3:45 AM IST

പാലോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയിൽ ഗ്രാമീണ മേഖലയിൽ മണ്ണിടിച്ചിൽ വ്യാപകം.കുറുപുഴ മാമൂട്ടിൽ സിന്ധുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതിൽ തകർന്നു.ഇളവട്ടം ഹൈസ്കൂൾ ജംഗ്ഷന് സമീപം കൊടുംവളവിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.വീണ്ടും ഇവിടെ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിൽക്കുന്ന മരങ്ങൾ ഇനിയും മണ്ണിടിച്ചിലുണ്ടായാൽ റോഡിലേക്ക് വീഴാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.വഞ്ചുവം മഞ്ഞക്കോട്ടു മൂലയിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതറിയാതെ നിരവധി ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. കരിമൺകോട് മുതൽ ചല്ലിമുക്ക് വരെ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.